അന്ന് റാബ്രി ദേവിയെ തോൽപ്പിച്ചു; ഇന്ന് തേജസ്വിയെ വിറപ്പിച്ച് സതീഷ് കുമാര്‍ യാദവ്

59 കാരനായ സതീഷ് കുമാർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ആർജെഡിയിലൂടെയാണ്

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത് വലിയ തിരിച്ചടിയാണ്. തേജസ്വി യാദവ് കുടുംബത്തിന്റെ കോട്ടയായ രാഘോപുരില്‍ അവസാനം വരെ നീണ്ട ഉദ്വേഗജനകമായ പേരാട്ടത്തിനൊടുവിലാണ് തേജസ്വി യാദവിന് വിജയിക്കാൻ സാധിച്ചത്. ലീഡ് നില പലവട്ടം മാറിമറിഞ്ഞ രാഘോപുരിൽ ഒരു ഘട്ടത്തിൽ തേജസ്വി പരാജയപ്പെടുമെന്ന പ്രതീതി പോലും സൃഷ്ടിക്കപ്പെട്ടിരുന്നു. അവസാന ഘട്ടത്തിലെ കുതിപ്പിലാണ് തേജസ്വി പരാജയത്തെ മറികടന്നത്. ഒടുവിൽ 14122 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് തേജസ്വി വിജയിച്ച് കയറിയത്. 2020ൽ 38,174 വോട്ടിനായിരുന്നു തേജസ്വിയുടെ വിജയം. അപ്പോഴും എതിരാളിയായി രംഗത്തുണ്ടായിരുന്നത് ഇത്തവണ തേജസ്വിയെ വിറപ്പിച്ച സതീഷ് കുമാർ യാദവ് തന്നെയായിരുന്നു.

തേജസ്വിയെ വെള്ളം കുടിപ്പിച്ച ബിജെപി നേതാവ് സതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിൻ്റെ കുടുംബത്തിന് വെല്ലുവിളിയാകുന്നത് ഇതാദ്യമായല്ല. 15 വര്‍ഷം മുമ്പ്, 2010-ല്‍ രാഘോപുരില്‍ സതീഷ് കുമാര്‍ ആർജെഡിക്ക് തിരിച്ചടി നൽകിയിരുന്നു. അന്ന് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു സതീഷ് കുമാറിന്റെ വിജയം.

59 കാരനായ സതീഷ് കുമാർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ആർജെഡിയിലൂടെയാണ്. പിന്നീട് ജെഡിയുവിൽ ചേർന്നു. 2010 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം രഘോപുരിൽ നിന്ന് ജെഡിയു ടിക്കറ്റിൽ മത്സരിക്കുകയും മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ 13,006 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു. എന്നാൽ

2015-ൽ ജെഡിയു-ആർജെഡി സഖ്യമുണ്ടായതോടെയാണ് സതീഷ് കുമാർ ജെഡിയു വിടുന്നത്. രാഘോപുർ സീറ്റ് ആർജെഡിക്ക് അനുവദിച്ചു. തേജസ്വി യാദവായിരുന്നു സ്ഥാനാർത്ഥി. ഇതേത്തുടർന്ന് സതീഷ് കുമാർ യാദവ് ബിജെപിയിൽ ചേരുകയും തേജസ്വിക്കെതിരെ മത്സരിക്കുകയും ചെയ്തു. പക്ഷേ 22,733 വോട്ടുകൾക്ക് പരാജയപ്പെട്ടു.

ഇത്തവണ രണ്ടും കൽപ്പിച്ച് മത്സരരംഗത്തിറങ്ങിയ സതീഷ് കുമാറിന് തേജസ്വിയെ വിറപ്പിക്കാൻ കഴിഞ്ഞെങ്കിലും 2010-ലെ അട്ടിമറി ആവർത്തിക്കാൻ സാധിച്ചില്ല. 2020ൽ 59,230 നേടിയ സതീഷ് കുമാറിന് ഇത്തവണ ഇരട്ടിയോളം വോട്ട് വർദ്ധിപ്പിക്കാൻ സാധിച്ചു.102884 വോട്ടാണ് സതീഷ് കുമാർ നേടിയത്.

പ്രവചനങ്ങളെപ്പോലും മറികടന്നാണ് ഭരണകക്ഷിയായ ബിജെപി-ജെഡിയു നേതൃത്വത്തിലുള്ള സഖ്യം ബിഹാറിൽ വന്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നത്.

Content Highlights: Satish Kumar Yadav BJP leader giving tough contest to Tejashwi Yadav in Raghopur

To advertise here,contact us