സിറ്റിങ് സീറ്റില്‍ ബിജെപിക്ക് പതനം, മൂന്നാം സ്ഥാനത്ത്; അന്‍തയില്‍ മുന്നേറി കോണ്‍ഗ്രസ്

അന്‍തയില്‍ നിന്നും പോസിറ്റീവായ വാര്‍ത്തയാണ് വരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ അന്‍ത നിയമസഭാ മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രമോദ് ജെയിന്‍ ഭായ 33,472 വോട്ടുകളോടെ മുന്നേറുകയാണ്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് വിമതന്‍ നരേഷ് മീണയും പ്രമോദ് ജെയിന്‍ ഭായയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ്. ഒരുഘട്ടത്തില്‍ നരേഷ് മീണ ലീഡിലേക്ക് വന്നിരുന്നു.

ക്രിമിനല്‍ കേസിന് പിന്നാലെ ബിജെപി എംഎല്‍എയായിരുന്ന കന്‍വാര്‍ ലാല്‍ മീണയെ പാര്‍ട്ടി നീക്കിയതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. എന്നാല്‍ സിറ്റിങ് സീറ്റില്‍ ബിജെപിയുടെ കിതപ്പ് ആണ് കാണാനാകുന്നത്.

അന്‍തയില്‍ നിന്നും പോസിറ്റീവായ വാര്‍ത്തയാണ് വരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. കോണ്‍ഗ്രസ് ശക്തമായ ഭുരിപക്ഷത്തില്‍ വിജയിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ഈ വര്‍ഷം മെയ് മാസത്തിലാണ് മീണയെ എംഎല്‍എ സ്ഥാനത്ത് നിന്നും നീക്കിയത്. 2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സബ്-ഡിവിഷണല്‍ ഓഫീസറെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ മീണ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചതോടെയാണ് എംഎല്‍എ സ്ഥാനത്ത് നിന്നും ഇറങ്ങേണ്ടി വന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെലങ്കാനയില്‍ ജൂബിലി ഹില്‍സ് നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറ്റമാണ്. ബിആര്‍എസ് സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി നവീന്‍ യാദവ് 10,000ലധികം വോട്ടിനാണ് മുന്നേറുന്നത്.

ബിആര്‍എസിന്റെ മഗന്തി സുനിതാ ഗോപിനാഥ്, ബിജെപിയുടെ എല്‍ ദീപക് റെഡ്ഡി എന്നിവരാണ് എതിര്‍ചേരിയിലുള്ളത്. ആകെ 58 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. സിറ്റിംഗ് എംഎല്‍എയും ബിആര്‍എസ് നേതാവുമായ മഗന്തി ഗോപിനാഥിന്റെ മരണത്തെ തുടര്‍ന്നാണ് ജൂബിലി ഹില്‍സില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഗന്തി ഗോപിനാഥിന്റെ ഭാര്യയാണ് മഗന്തി സുനിത.

Content Highlights: assembly Bypoll Congress Pramod Jain Bhaya lead in Anta Rajasthan

To advertise here,contact us