ബിലാസ്പൂർ ട്രെയിൻ അപകടം; മരണം പതിനൊന്നായി, 20ഓളം പേർക്ക് പരിക്ക്, റെഡ് സിഗ്നൽ മറികടന്നതോ അപകട കാരണം?

പാസഞ്ചര്‍ ട്രെയിനിന്റെ ഏറ്റവും മുന്നിലെ കോച്ച് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ പാസഞ്ചര്‍ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി. സംഭവത്തില്‍ 20ഓളം ആളുകള്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാസഞ്ചര്‍ ട്രെയിനിന്റെ ഏറ്റവും മുന്നിലെ കോച്ച് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റ് അപകട മുന്നറിയിപ്പായ റെഡ് സിഗ്നല്‍ മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കമ്മീഷര്‍ ഓഫ് റെയില്‍വേ സേഫ്റ്റിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ ഔദ്യോഗിക പ്രഖ്യപനത്തില്‍ അറിയിച്ചു.

അയല്‍ ജില്ലയായ കോര്‍ബയിലെ ഗേവ്‌റയില്‍ നിന്ന് ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന മെമു ട്രെയിന്‍ മുന്നില്‍ പോവുകയായിരുന്ന ഗുഡ് ട്രെയിനിന്റെ പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. ഗതോറയ്ക്കും ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷനും ഇടയില്‍ വച്ചായിരുന്നു അപകടം. പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യത്തെ മൂന്ന് കോച്ചുകളില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായവും റെയില്‍വേ പ്രഖ്യാപിച്ചിരുന്നു.

Content Highlight; Passenger Train Collides With Goods Train Near Bilaspur; 11 death

To advertise here,contact us