തെലങ്കാനയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 20 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്-ബീജാപൂര്‍ ഹൈവേയിലാണ് അപകടമുണ്ടായത്

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഹൈദരാബാദ്-ബീജാപൂര്‍ ഹൈവേയില്‍ ടിപ്പര്‍ ലോറിയും തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും കൂട്ടിയിടിച്ച് വന്‍ അപകടം. 20 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രംഗറെഡ്ഡി ജില്ലയിലെ ചെവെല്ലയ്ക്ക് സമീപം മിര്‍ജഗുഡയിലാണ് സംഭവം. ടണ്ടൂരില്‍ നിന്ന് ചെവെല്ലയിലേക്ക് പോവുകയായിരുന്ന ബസിലേക്ക് ചരലുമായി പോയ ലോറി ഇടിച്ചുകയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. 40 യാത്രക്കാരുമായി പോവുകയായിരുന്ന ബസിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ലോറിയിലുണ്ടായിരുന്ന ചരല്‍ യാത്രക്കാരുടെ മുകളിലേക്ക് വീണു. മെറ്റലില്‍ കുടുങ്ങി അനങ്ങാനാകാതെ സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. മെറ്റല്‍ യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

പരിക്കേറ്റവരെ ചെവെല്ല ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരോട് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും നിര്‍ദ്ദേശിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിശകലനം ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് ചെവല്ല-വികരാബാദ് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു.

Content Highlights: Tipper lorry collides with Telangana RTC bus on the Hyderabad-Bijapur highway in Telangana

To advertise here,contact us