ചെന്നൈ: തമിഴ്നാട്ടില് ദുരഭിമാനക്കൊലകള്ക്കെതിരെ നിയമനിര്മാണത്തിനായി കമ്മീഷനെ നിയമിച്ച് സര്ക്കാര്. ജാതിയുടെയും സമുദായത്തിന്റെയും പേരിലുളള ദുരഭിമാനക്കൊലകള് തടയുന്നതിനായി നിയമം നടപ്പിലാക്കുന്നതിനുളള നടപടികള് ശുപാര്ശ ചെയ്യുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജി കെ എം ബാഷയുടെ നേതൃത്വത്തില് കമ്മീഷന് രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നടന്ന ദുരഭിമാനക്കൊലകളെക്കുറിച്ച് കമ്മീഷന് പഠിക്കും. ഇരകളുടെ കുടുംബങ്ങളെ കാണുകയും സാമൂഹ്യ പ്രവര്ത്തകരുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച്ച നടത്തുകയും നിയമനിര്മാണത്തിനായുളള ശുപാര്ശകള് തയ്യാറാക്കുകയും ചെയ്യുമെന്നും സ്റ്റാലിന് പറഞ്ഞു.
'നമ്മുടെ യുവാക്കളെ ജാതിയുടെയും കുടുംബാഭിമാനത്തിന്റെയും പേരില് കൊല്ലുന്നത് അംഗീകരിക്കാനാകില്ല. സര്ക്കാര് ഇതൊക്കെ കണ്ട് കാഴ്ച്ചക്കാരായി നില്ക്കില്ല. ദുരഭിമാനക്കൊലകള് തടയാന് പ്രത്യേക നിയമം കൊണ്ടുവരുന്നതിന് തമിഴ്നാട് നേതൃത്വം നല്കും': സ്റ്റാലിന് പറഞ്ഞു. ഇന്ത്യന് ശിക്ഷാനിയമത്തില് കൊലപാതകവും ആത്മഹത്യാ പ്രേരണാക്കുറ്റങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകള്ക്ക് പ്രത്യേക നിയമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുരഭിമാനക്കൊലകള് ഇല്ലാതാക്കുന്നതിനും ജാതി, സമുദായ വ്യത്യാസങ്ങള്ക്കപ്പുറം ഭയമില്ലാതെ വിവാഹം കഴിക്കാനുളള വ്യക്തികളുടെ അവകാശം സംരക്ഷിക്കുന്നതിനുമായി സര്ക്കാര് പ്രത്യേക നിയമനിര്മാണം നടത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്നാട്ടില് ഇപ്പോഴും നിരന്തരം ദുരഭിമാനക്കൊലകള് നടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനിര്മാണത്തിനുളള സാധ്യത സര്ക്കാര് തേടിയത്.
ഭരണഘടനാപരമായ സമത്വത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും നേരെയുളള ആക്രമണമാണ് ഇത്തരം കൊലപാതകങ്ങളെന്ന് എം കെ സ്റ്റാലിന് നിയമസഭയില് പറഞ്ഞു. പെരിയാറും അംബേദ്കറും ഉയര്ത്തിപ്പിടിച്ച സാമൂഹ്യനീതിയുടെ ആദര്ശങ്ങളോടുളള തമിഴ്നാടിന്റെ പ്രതിബദ്ധതയും അദ്ദേഹം ആവര്ത്തിച്ചു. 'തമിഴ്നാട് എല്ലാകാലവും ജാതിയുടെ പേരിലുളള അടിച്ചമര്ത്തലിനെതിരെ നിലകൊണ്ടിട്ടുളള സംസ്ഥാനമാണ്. പ്രണയവും വിവാഹവുമെല്ലാം ശിക്ഷിക്കപ്പെടുന്നതല്ല, മറിച്ച് ആഘോഷിക്കപ്പെടുന്ന ഒരു സമൂഹമായി നാം മാറേണ്ടതുണ്ട്', സ്റ്റാലിന് പറഞ്ഞു. ദുരഭിമാനക്കൊലകള് ആവര്ത്തിക്കാതിരിക്കാന് ബോധവല്ക്കരണ പരിപാടികളുള്പ്പെടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: MK Stalin announce commission to frame law against honour killings in tamilnadu