ന്യൂഡല്ഹി: ഈജിപ്തില് നാളെ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയില് പങ്കെടുക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഈജിപ്ത്യന് പ്രസിഡന്റ് അബ്ദെല് ഫത്താഹ് എല് സിസിയാണ് പ്രധാനമന്ത്രിക്ക് ഔദ്യോഗിക ക്ഷണക്കത്ത് അയച്ചത്. എന്നാല് മോദി പങ്കെടുക്കില്ലെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. കേന്ദ്ര സഹമന്ത്രി കിര്തി വര്ധന് സിങ് ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റും ചേര്ന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്മര്, ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സ്നാചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ് തുടങ്ങി 20 രാജ്യങ്ങളില് നിന്നുള്ള നേതാക്കള് ഉച്ചകോടിയില് പങ്കെടുക്കും.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുകയെന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. കൂടാതെ പശ്ചിമേഷ്യയില് സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങള് വര്ധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുക എന്നിവയും ചര്ച്ചയാകും. ഇസ്രയേല് ഗാസയില് വെടിനിര്ത്തല് പ്രഖ്യാപിക്കുകയും ഭാഗികമായി സൈന്യത്തെ പിന്വലിക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യത്തെ യോഗമാണ് നടക്കാനിരിക്കുന്നത്.
Content Highlights: PM invited to attend Gaza peace summit Modi reportedly won't attend