ന്യൂഡല്ഹി: ലൈംഗികാതിക്രമക്കേസില് അറസ്റ്റിലായ സ്വയംപ്രഖ്യാപിത ആള്ദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരായ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുവതികളോട് അദ്ദേഹത്തിന്റെ സഹായി ഹോട്ടല് മുറിയിലേക്ക് എത്താന് നിര്ബന്ധിക്കുന്നതിന്റെ ഓഡിയോ സംഭാഷണങ്ങള് പുറത്ത്. ദേശീയ മാധ്യമങ്ങളാണ് ചൈതന്യാനന്ദയുടെ സഹായി ശ്വേത ശര്മ്മ യുവതികളെ നിര്ബന്ധിക്കുന്ന ഓഡിയോകള് പുറത്തുവിട്ടത്. തനിക്ക് ആര്ത്തവമാണെന്നും അതിനാല് ചൈതന്യാനന്ദയെ കാണാന് വരാനാകില്ലെന്നും യുവതി പറയുമ്പോള് ഒഴിവുകഴിവുകള് പറയരുതെന്നാണ് ചൈതന്യാനന്ദയുടെ സഹായി പറയുന്നത്.
പുറത്തുവന്ന സംഭാഷണം ഇപ്രകാരമാണ്
ശ്വേത ശര്മ്മ: ഇതൊരു ഉപയോഗശൂന്യമായ ഒഴിവുകഴിവാണ്യുവതി: അല്ല മാഡം, ഇത് ഒഴിവുകഴിവല്ല. ശരിക്കും എനിക്ക് ആര്ത്തവമാണ്.ശ്വേത ശര്മ്മ ഇത് ഒഴിവുകഴിവ് തന്നെയാണ്. സ്വാമിജി നിങ്ങളെ വഴക്കുപറയുകയും നിങ്ങളുടെ മാര്ക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് നിങ്ങള് ഭയപ്പെടുന്നു. അതിനാലാണ് അദ്ദേഹത്തെ കാണുന്നത് ഒഴിവാക്കാന് ശ്രമിക്കുന്നത്. എങ്കില് നിങ്ങള് സ്വന്തമായി താമസസൗകര്യങ്ങള് ക്രമീകരിക്കണം..യുവതി: മാഡം, എനിക്ക് ശരിക്കും ആര്ത്തവമാണ്. ഞാനെന്തിനാണ് കളളം പറയുന്നത്? എന്റെ പാഡിന്റെ ഫോട്ടോ അയച്ച് തരാം. അല്ലാതെ ഞാനെന്താണ് ചെയ്യുക?
മറ്റൊരു യുവതിയുമായുള്ള സംഭാഷണം
നാളെ നിങ്ങള് രണ്ടുപേരും ഓഫീസില് നിന്ന് ഇറങ്ങുന്ന സമയത്ത് ഞാന് ഹോട്ടലിന്റെ പേര് അയയ്ക്കാം. നിങ്ങള് അവിടേക്ക് പോകണം. സ്വാമിജി വരും. അദ്ദേഹത്തെ ഡിന്നറിന് നിങ്ങള് കാണണം. അദ്ദേഹം നിങ്ങള്ക്കായി റൂം ബുക്ക് ചെയ്തിട്ടുണ്ട്. നിങ്ങള് രാത്രി അവിടെ നില്ക്കണം. പിറ്റേന്ന് ഓഫീസിലേക്ക് അവിടെ നിന്നും പോകാം
ഡൽഹിയിലെ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ചിന്റെ തലവനായിരുന്ന ചൈതന്യാനന്ദ സരത്വതി ലൈംഗികാതിക്രമ കേസില് അറസ്റ്റിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ പതിനേഴ് വിദ്യാര്ത്ഥിനികള് ലൈംഗികാതിക്രമ പരാതി നല്കിയതിന് പിന്നാലെയായിരുന്നു ചൈതന്യാനന്ദയെ അറസ്റ്റ് ചെയ്തത്. 50 ദിവസം ഒളിവിലായിരുന്ന ചൈതന്യാനന്ദയെ സെപ്റ്റംബര് 28ന് പുലര്ച്ചെ 3.30 ന് ആഗ്രയിലെ താജ് ഗഞ്ച് മേഖലയില് നിന്നുള്ള ഒരു ഹോട്ടലില് നിന്നാണ് അറസ്റ്റ് ചെയ്തത്. ശാരദ ഇന്സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ഗുരുതര കുറ്റ കൃത്യങ്ങളാണ് ചൈതന്യാനന്ദയ്ക്കെതിരെ എഫ്ഐആറിലുള്ളത്. ഇയാള് രാത്രി വൈകിയും പെണ്കുട്ടികളെ മുറിയിലേക്ക് വിളിച്ചുവരുത്തിയതായി എഫ്ഐആറില് പറയുന്നുണ്ട്. വിദേശയാത്രകളില് കൂടെ വരാന് വിദ്യാര്ത്ഥിനികളോട് നിര്ബന്ധിച്ചിരുന്നു. വനിതാ ഹോസ്റ്റലുകളില് ആരും കാണാതെ ഇയാള് ക്യാമറകള് സ്ഥാപിച്ചിരുന്നതായും എഫ്ഐആറില് ഉണ്ടായിരുന്നു. ഇയാള്ക്ക് കുരുക്ക് മുറുകുന്ന കൂടുതല് തെളിവുകളാണ് പുറത്തുവരുന്നത്.
ചൈതന്യാനന്ദ പ്രമുഖര്ക്കൊപ്പം നില്ക്കുന്ന വ്യാജ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന് അമേരിക്കന് പ്രസിഡന്റ് ബരാക്ക് ഒബാമ, യുകെയില് നിന്നുള്ള രാഷ്ട്രീയ നേതാവ് എന്നിവര്ക്കൊപ്പം നില്ക്കുന്ന വ്യാജ ചിത്രങ്ങളാണ് ആശ്രമത്തില് നിന്ന് കണ്ടെത്തിയത്. ഇത് കൂടാതെ ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിത സമിതിയുടെ സ്ഥിരം അംബാസിഡര്, ബ്രിക്സ് കൂട്ടായ്മയുടെ പ്രത്യേക ദൂതന് എന്നിങ്ങനെ രേഖപ്പെടുത്തിയ വ്യാജ ബിസിനസ് കാര്ഡുകളും ആശ്രമത്തില് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Content Highlights: On my periods, cant meet Swamiji says women: chaitanyananda's assistant forces, audio out