ഝാര്‍ഖണ്ഡില്‍ വൈദികര്‍ക്ക് നേരെ ആക്രമണം; അജ്ഞാതര്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ലക്ഷങ്ങള്‍ കവര്‍ന്നു

മുഖംമൂടി ധരിച്ചെത്തിയ 12 അംഗ സംഘമാണ് വൈദികരെ ഉപദ്രവിക്കുകയും ലക്ഷക്കണക്കിന് രൂപയും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കവരുകയും ചെയ്തത്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് വൈദികര്‍ക്ക് ഗുരുതര പരിക്ക്. പുരോഹിതരായ ഫാ. ഡീന്‍ തോമസ് സോറെംഗിനും ഫാ. ഇമ്മാനുവല്‍ ബാഗ്‌വാറിനുമാണ് പരിക്കേറ്റത്. ഇന്നലെ (ബുധനാഴ്ച്ച) പുലര്‍ച്ചയെയായിരുന്നു സംഭവം. സിംഡെഗ ജില്ലയിലെ തുംഡെഗിയിലെ സെന്റ് ജോസഫ് പള്ളിയിലാണ് പുരോഹിതര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ 12 അംഗ സംഘമാണ് വൈദികരെ ഉപദ്രവിക്കുകയും ലക്ഷക്കണക്കിന് രൂപയും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കവരുകയും ചെയ്തത്.

ഇരുവരെയും പരിക്കേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പുരോഹിതന്മാര്‍ക്കും പള്ളിക്കും നേരെയുണ്ടായ ആക്രമണം പൊതു സുരക്ഷയെയും മതസ്ഥാപനത്തെ ലക്ഷ്യംവയ്ക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നതാണെന്ന് പള്ളി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ലക്ഷ്യം മോഷണമാണെന്ന് തോന്നുമെങ്കിലും ഒരു മതസ്ഥാപനത്തെ മനപൂര്‍വം ലക്ഷ്യംവച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പള്ളി അധികൃതര്‍ പറഞ്ഞു. അക്രമത്തില്‍ പ്രാദേശിക കത്തോലിക്ക സമൂഹം ശക്തമായി അപലപിച്ചു.

Content Highlight; Two priests injured in masked man attack in Jharkhand

To advertise here,contact us