'ആണ്‍' സംവരണത്തെ വെട്ടി കോടതി; വ്യോമസേനയില്‍ പൈലറ്റായി പരാതിക്കാരിയെ നിയമിച്ച് ഡല്‍ഹി ഹൈക്കോടതി

വ്യോമസേനയിലെ പൈലറ്റ് തസ്തികകളിൽ പുരുഷന്മാർക്ക് മാത്രമായി സംവരണമുള്ളത് നീതീകരിക്കാനാവില്ലെന്ന് കോടതി

ന്യൂഡൽഹി: വ്യോമസേനയിലെ വനിതാ സംവരണവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. വ്യോമസേനയിലെ പൈലറ്റ് തസ്തികകളിൽ പുരുഷന്മാർക്ക് മാത്രമായി സംവരണമുള്ളത് നീതീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സായുധ സേനകളിൽ പുരുഷന്മാരെ മാത്രം നിയമിക്കുന്ന കാലം കഴിഞ്ഞെന്ന് പറഞ്ഞ കോടതി പരാതിക്കാരിയായ യുവതിയെ പൈലറ്റായി നിയമിക്കാൻ ഉത്തവിട്ടു.

സൈന്യത്തിലെ 92 പൈലറ്റുമാരുടെ ഒഴിവിലേക്ക് 2023 മെയ് 17നാണ് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. രണ്ടൊഴിവ് വനിതകൾക്കും ബാക്കി 90 എണ്ണം പുരുഷന്മാർക്കുമായിരുന്നു സംവരണം. വനിതകൾക്കുള്ള രണ്ട് ഒഴിവിലേക്കും നിയമനമായിരുന്നു.എന്നാൽ പുരുഷന്മാരുടെ 90 ഒഴിവിൽ 70 എണ്ണമാണ് നികത്തിയത്. ഇതോടെയാണ് നിയമനം ആവശ്യപ്പെട്ട് വനിതകളുടെ റാങ്ക് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള അർച്ചന ഹൈക്കോടതിയെ സമീപിച്ചത്.

ഒഴിവു നികത്താത്ത 20 തസ്തികകൾ വനിതകൾക്ക് സംവരണം ചെയ്തിട്ടില്ല എന്നത് ശരിയാണ്. എന്നാൽ 20 ഒഴിവുകളിലും പുരുഷന്മാർക്ക് മാത്രമേ നിയമനം നൽകാനാകൂ എന്നില്ല. 20 ഒഴിവുണ്ടായിട്ടും വനിതകളുടെ റാങ്ക് പട്ടികയിൽ മുൻനിരയിലുള്ള ഹർജിക്കാരിയെ നിയമിക്കാത്തത് ന്യായീകരണമല്ല. സേനയിൽ ആൺ-പെൺ വിവേചനം അനുവദിക്കാനാവുന്ന കാലമല്ല ഇത്. ബാക്കിയുള്ള സീറ്റുകളിലും യോഗ്യരായ വനിതകളെ നിയമിക്കണമെന്നും ജസ്റ്റിസുമാരായ സി ഹരിശങ്കറും ഓം പ്രകാശ് ശുക്ലയുമടങ്ങിയ ബെഞ്ച് നിർദേശിച്ചു. തസ്തികയിലേക്ക് ആവശ്യമായ ഫിറ്റ് ടു ഫ്‌ളൈ സർട്ടിഫിക്കറ്റ് ഹർജിക്കാരിക്കുണ്ടെന്ന് കോടതി വ്യക്തമാക്കി.

90 ഒഴിവുകളിൽ പുരുഷന്മാരെ മാേ്രത നിയമിക്കുകയുള്ളൂവെന്ന് വിജ്ഞാപനത്തിൽ പറയുന്നില്ല. ഈ ഒഴിവുകൾ ഓപൺ മെറിറ്റിൽ പരിഗണിക്കണം. സേനയിൽ പുരുഷനും സ്ത്രീക്കും തുല്യ ആനുകൂല്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

Content Highlights: Men only Reservation in airforce flying post unjustified; eligible women must be appointed says Delhi high court

To advertise here,contact us