വോട്ടുകൊളള ബിഹാറില്‍ നടക്കില്ല, ജനം ചെറുത്തുതോല്‍പ്പിക്കും; ഇൻഡ്യാ സഖ്യം സർക്കാരുണ്ടാക്കുമെന്ന് തേജസ്വി യാദവ്

ജീവിതം മെച്ചപ്പെടണമെങ്കില്‍ നിതീഷ് സര്‍ക്കാരിനെ താഴെയിറക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു

പട്‌ന: ഗുജറാത്തില്‍ നിന്ന് രണ്ടുപേര്‍ വന്ന് ബിഹാറികള്‍ ആര്‍ക്ക് വോട്ടുചെയ്യണം എന്ന് പറയുകയാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ഇത് ബിഹാറാണെന്ന് ഓര്‍ക്കണമെന്നും വിഡ്ഢികളാക്കാന്‍ നോക്കരുതെന്നും തേജസ്വി പറഞ്ഞു. 'വോട്ടുകൊളള ബിഹാറില്‍ നടക്കില്ല. ജനം ചെറുത്തുതോല്‍പ്പിക്കും. ഈ ജനക്കൂട്ടം അതാണ് വ്യക്തമാക്കുന്നത്. ഇൻഡ്യാ സഖ്യം സര്‍ക്കാരുണ്ടാക്കും. ജീവിതം മെച്ചപ്പെടണമെങ്കില്‍ നിതീഷ് സര്‍ക്കാരിനെ താഴെയിറക്കണം'- തേജസ്വി യാദവ് പറഞ്ഞു.

ബിഹാര്‍ ജനത ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുമെന്നാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞത്. ബിഹാറില്‍ നിന്ന് ബിജെപി പുറത്തുപോകാന്‍ പോവുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ടെന്നും അതിന് മറുപടി നല്‍കുമെന്നും അഖിലേഷ് പറഞ്ഞു. 'ബിഹാറില്‍ നിന്ന് ബിജെപി പുറത്തുപോകാന്‍ പോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് ഒപ്പമാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി ജനങ്ങളുടെ അവകാശങ്ങളും തട്ടിയെടുക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന് കൂട്ടുനില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി കളളത്തരത്തിന്റെ കമ്മീഷനാക്കി'- അഖിലേഷ് യാദവ് പറഞ്ഞു.

വോട്ടല്ല അധികാരമാണ് നരേന്ദ്രമോദി കവര്‍ന്നെടുക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ടവന്റെ ശബ്ദം രാജ്യത്ത് കേള്‍ക്കരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും മഹാരാഷ്ട്ര, ഹരിയാന, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകൊളള നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ വോട്ടുകൊളള അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വോട്ടുകൊളളയ്ക്കും ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുമെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സെപ്റ്റംബർ ഒന്നിന് പട്നയിലെ മഹാറാലിയോടെയാണ് യാത്ര അവസാനിക്കുക. ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കളടക്കം റാലിയിൽ പങ്കെടുക്കും.

Content Highlights: Two people from Gujarat come and tell bihari's who to vote for in Bihar: Tejashwi Yadav

To advertise here,contact us