സ്ത്രീകൾക്ക് മേൽ ഭാരം കെട്ടിവെയ്ക്കുന്നു; കുടുംബ ജീവിതത്തിലേക്ക് കടന്നുചെല്ലാൻ നിങ്ങൾ ആരാണ്?; ആഞ്ഞടിച്ച് ഒവൈസി

ആര്‍എസ്എസും അനുബന്ധ സംഘടനകളും വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ഒവൈസി പറഞ്ഞു

ഹൈദരാബാദ്: ഒരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവും ലോക്‌സഭാംഗവുമായ അസദുദ്ദീന്‍ ഒവൈസി. ആളുകളുടെ കുടുംബ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ നിങ്ങള്‍ ആരാണെന്നായിരുന്നു ഒവൈസിയുടെ ചോദ്യം. വ്യത്യസ്ത കാഴ്ചപ്പാടുകളും താത്പര്യങ്ങളുമുള്ള സ്ത്രീകള്‍ക്ക് മേല്‍ ഭാരം കെട്ടിവെയ്ക്കാന്‍ എന്തിന് ശ്രമിക്കുന്നുവെന്നും ഒവൈസി ചോദിച്ചു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഒവൈസിയുടെ പ്രതികരണം.

ആര്‍എസ്എസും അനുബന്ധ സംഘടനകളും വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ഒവൈസി പറഞ്ഞു. അവര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. സത്യത്തില്‍ മോദി ഭരണകാലത്ത് മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം സ്ഥാപിച്ചെടുക്കപ്പെട്ടിരിക്കുകയാണ്. ആരെയും മതത്തിന്റെ പേരില്‍ ആക്രമിക്കില്ലെന്നാണ് ആര്‍എസ്എസ് മേധാവി പറയുന്നത്. മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യാനും സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ആരാണ് ആഹ്വാനം ചെയ്യുന്നതെന്നും ഒവൈസി ചോദിച്ചു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും ഒവൈസി പറഞ്ഞു. ഇത് ജനങ്ങളുടെ ഇന്ത്യയാണ്. ഇവിടെ ജനാധിപത്യമാണ്. ബിജെപി രാഷ്ട്രീയത്തില്‍ നിന്ന് എന്നെന്നേക്കുമായി പുറത്താക്കപ്പെടുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും ഒവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവന. രാജ്യത്ത് ജനസംഖ്യാ സന്തുലനം വേണമെന്നും രാജ്യ താത്പര്യം മുന്‍ നിര്‍ത്തി ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണമെന്നുമായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. അഖണ്ഡ ഭാരതം എന്നതാണ് ആര്‍എസ്എസിന്റെ സങ്കല്‍പം. മുസ്‌ലിങ്ങള്‍ ഇവിടെ നിലനില്‍ക്കുമെന്നും അതാണ് ഹിന്ദു ചിന്താഗതിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

Content Highlights-  Asaduddin Owaisi slams Mohan Bhagwat's three children remark

To advertise here,contact us