ന്യൂഡൽഹി: ആർഎസ്എസും ബിജെപിയും തമ്മിൽ നല്ല ഏകോപനമാണെന്നും ഒരു തർക്കവുമില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രണ്ട് സംഘടനകൾക്കിടയിലും പോരാട്ടം ഉണ്ടാകാം. പക്ഷെ സംഘടനകളുടെ ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിൽ തെറ്റില്ലെന്നും മാതൃഭാഷയെ അവഗണിക്കുന്നതാണ് തെറ്റെന്നും പറഞ്ഞ മോഹൻ ഭാഗവത് രാജ്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പഠനസംവിധാനം വേണമെന്നും ഇന്ത്യയെ മനസ്സിലാക്കാൻ സംസ്കൃതം പ്രധാനപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു. അധിനിവേശ ശക്തികൾ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ സംവിധാനം. രാജ്യത്തിന്റെ പാരമ്പര്യവും നേട്ടങ്ങളും വിദ്യാർഥികളെ പഠിപ്പിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സാങ്കേതികവിദ്യയും ആധുനികതയും വിദ്യാഭ്യാസത്തിന് എതിരല്ല. വിദ്യാഭ്യാസം എന്നാൽ വെറുതെ വിവരങ്ങൾ ശേഖരിച്ചുവയ്ക്കൽ മാത്രമല്ല. സംസ്കാരസമ്പന്നരായ വ്യക്തികളെ രൂപപ്പെടുത്തലാണ്. വിദ്യാഭ്യാസം നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങൾ പകർന്നു നൽകണം', അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അത് രൂപപ്പെടുത്തുന്നതിൽ 'സ്വയംസേവകരുടെ' പങ്കിനെക്കുറിച്ചും ആർഎസ്എസ് മേധാവി വ്യക്തമാക്കി.
വിദേശ പ്രതിനിധികൾക്കായി മോഹൻ ഭാഗവതിന്റെ പ്രസംഗം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്തിരുന്നു. ഇക്കാലത്ത് മതഭ്രാന്ത് വർദ്ധിച്ചിട്ടുണ്ടെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള ആർഎസ്എസ് ഭാവന ആർക്കും എതിരല്ലെന്നും ആരെയും ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: mohan bhagwat says there is no quarrelin between rss and bjp