വോട്ട് കൊളളയിലൂടെ ഇനിയും 50 വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നത്:വോട്ടർ അധികാർയാത്രയിൽ രാഹുൽ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അമ്മമാരുടെ സ്വര്‍ണം കൊളളയടിക്കുന്നു എന്ന് ആരോപിച്ച മോദി ഇപ്പോള്‍ അവരുടെ വോട്ട് മോഷ്ടിക്കുകയാണെന്നും ജനങ്ങളുടെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ കൊളളയടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു

പട്‌ന: വോട്ട് കൊളള നടത്തി ഇനിയും അമ്പത് വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊളളയിലൂടെ രാജ്യത്ത് ഇനിയും അധികാരം പിടിക്കാമെന്നാണ് അവര്‍ കരുതുന്നതെന്നും ബിഹാറിലെ ജനങ്ങള്‍ അത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പത്താംദിനം വയനാട് എംപി പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു.

ജനങ്ങളുടെ വോട്ട് പ്രധാനമന്ത്രി കൊളളയടിക്കുകയാണ് എന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അമ്മമാരുടെ സ്വര്‍ണം കൊളളയടിക്കുന്നു എന്ന് ആരോപിച്ച മോദി ഇപ്പോള്‍ അവരുടെ വോട്ട് മോഷ്ടിക്കുകയാണെന്നും ജനങ്ങളുടെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ കൊളളയടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. പൗരാവകാശങ്ങള്‍ കൊളളയടിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. മധുബനിയിലാണ് ഇന്ന് വോട്ടര്‍ അധികാര്‍ യാത്ര നടക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അടുത്ത ദിവസങ്ങളില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാവും. സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ നടക്കുന്ന മഹാറാലിയോടെയാണ് വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കുക. ഈ വര്‍ഷം അവസാനമാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്ര ഇന്‍ഡ്യാ സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ ഗുണം നല്‍കുമെന്നാണ് വിലയിരുത്തല്‍.

Content Highlights: BJP thinks it can rule India for another 50 years through vote rigging says Rahul Gandhi

To advertise here,contact us