ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം നടത്തിയ പ്രതി രാജേഷ് ഭായ് ഖിംജി ഭായ് സകരിയ ഒരു നായസ്നേഹിയാണെന്നും തെരുവുനായകൾക്ക് ഷെൽറ്റൽ ഒരുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിയിൽ അസ്വസ്ഥനായിരുന്നുവെന്നും അമ്മ മാധ്യമങ്ങളോട്. മകന്റെ മാനസികാവസ്ഥ അങ്ങനെയാണെന്നും തന്നെപ്പോലും അടിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
'മകന് മാനസിക പ്രശ്നങ്ങളുണ്ട്. പക്ഷേ ഒരു മരുന്നും കഴിക്കാറില്ല. അവൻ മൃഗങ്ങളെ സ്നേഹിക്കുന്നു, നായ്ക്കളെക്കുറിച്ചുള്ള വാർത്തകൾക്ക് ശേഷം അവൻ അസ്വസ്ഥനായിരുന്നു. വീട്ടിലെ എല്ലാവരെയും അവൻ അടിക്കാറുണ്ടായിരുന്നു. അവന്റെ സ്വഭാവം അങ്ങനെയാണ്', പ്രതിയുടെ അമ്മ പറഞ്ഞു.
ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയാണ് രാജേഷ്. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ സിവിൽ ലൈൻസിലെ വസതിയിലെ പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്ന പൊതു യോഗ (ജൻ സൺവായി)ത്തിനിടെയായിരുന്നു സംഭവം. യോഗത്തിനിടെ ഇയാൾ രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു.
ഇയാൾ കസ്റ്റഡിയിൽ തന്നെയാണെന്നും ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താൻ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് സ്ഥിരീകരിച്ചു. ആദ്യം ഇയാൾ രേഖ ഗുപ്തയ്ക്ക് ചില പേപ്പറുകൾ കൈമാറി. പിന്നീട് ആക്രോശിക്കുകയും അടിക്കുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഉടൻ തന്നെ അയാളെ കീഴടക്കി കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് പ്രതിയെ പരിപാടിയിൽ പങ്കടുത്ത ചിലർ മർദ്ദിച്ചുവെന്ന് വൃത്തങ്ങൾ അറിയിച്ചു. രേഖ ഗുപ്തയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പെട്ടെന്നുണ്ടായ ആക്രമണത്തിൽ അവർ ഭയപ്പെട്ടുപോയെന്നും ഡോക്ടർമാരെ ഉദ്ദരിച്ച് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, രാജേഷിന്റെ ബന്ധുക്കളിൽ ഒരാൾ ജയിലിലാണെന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജിയുമായാണ് അദ്ദേഹം എത്തിയതെന്നും വൃത്തങ്ങൾ അറിയിച്ചു.
Content Highlights: Delhi Chief Minister hit by Gujarat man at public event and attacker arrested