30 ദിവസം തടവിലാവുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും പുറത്താക്കാം;ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രം

തുടര്‍ച്ചയായ 30 ദിവസം കസ്റ്റഡിയിലോ തടവിലോ ആയിരിക്കുന്ന മന്ത്രിയെ 31ാം ദിവസം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതിക്ക് പുറത്താക്കാമെന്ന് ബില്ലില്‍ പറയുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ബാധിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരുടെ നിയമനവും ഉത്തരവാദിത്തവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 75ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്.

തുടര്‍ച്ചയായ 30 ദിവസം കസ്റ്റഡിയിലോ തടവിലോ ആയിരിക്കുന്ന മന്ത്രിയെ 31ാം ദിവസം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതിക്ക് പുറത്താക്കാമെന്ന് ബില്ലില്‍ പറയുന്നു. സംസ്ഥാനങ്ങളുടെ മന്ത്രിമാരുടെ കേസില്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കാമെന്ന് ബില്ലില്‍ സൂചിപ്പിക്കുന്നു. ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്തേക്ക് തിരിച്ച് വരുന്നതിന് തടസമില്ലെന്നും പറയുന്നു. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമെങ്കിലും തടവിലായവര്‍ അയോഗ്യരാകുമെന്നാണ് നിലവിലെ വ്യവസ്ഥ.

ഗുരുതര ക്രിമിനല്‍ കുറ്റം ചെയ്‌തെന്ന ആരോപണം നേരിടുന്നതോ, അറസ്റ്റ് ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്ത മന്ത്രിമാര്‍ ജനങ്ങള്‍ക്കുള്ള ഭരണഘടനാപരമായ വിശ്വാസത്തെ കുറച്ച് കാണുകയാണെന്ന് ബില്ലില്‍ പറയുന്നു. അതേസമയം ബില്ലിനെതിരെ വ്യാപക വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

ബില്ലിനെ കാടത്ത ബില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശേഷിപ്പിച്ചത്. ശ്രദ്ധ മാറ്റാന്‍ ഉള്ള ശ്രമമാണെന്നും ചവറ്റു കൊട്ടയിലേക്ക് പോകാന്‍ പോകുന്ന ബില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന ആയുധം. ഘടക കക്ഷികളെ വിരട്ടി നിര്‍ത്താന്‍ കൂടിയാണ് ഈ ബില്‍ കൊണ്ടുവരുന്നത്. ധാര്‍മികത ആണ് വിഷയം എങ്കില്‍ ആദ്യം അമിത് ഷാ രാജിവയ്ക്കണമെന്നും അദ്ദേഹത്തിന് ഈ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെ തുടരാന്‍ ഒരു അവകാശവുമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Content Highlights: Centre introduce Constitution amendment bill to Lok Sabha

To advertise here,contact us