'ഇത് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍; വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം

എല്ലാ സംസ്ഥാനങ്ങളിലേയും വോട്ട് കൊള്ള ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്ന് രാഹുല്‍ ഗാന്ധി

പട്‌ന: വോട്ട് കൊള്ളയ്‌ക്കെതിരെ ഇൻഡ്യാ സഖ്യം സംഘടിപ്പിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ബിഹാറിൽ പ്രൗഢമായ തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര ബിഹാറിലെ 24 ജില്ലകളിലൂടെ കടന്നു പോകും. ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിലെത്തി. ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവരും വേദിയിലെ സാന്നിധ്യമായി. ലാലു പ്രസാദിനെ ആശ്ലേഷിച്ചാണ് നേതാക്കൾ സ്വീകരിച്ചത്.

ആയിരങ്ങളെ സാക്ഷിയാക്കി രാഹുൽ ഗാന്ധി വോട്ടർ അധികാർ യാത്രയെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയതും കരഘോഷങ്ങളോടെയാണ് ജനം ഏറ്റെടുത്തത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ വോട്ട് അട്ടിമറിയെ കുറിച്ച് ആവർത്തിച്ച് പറഞ്ഞ രാഹുൽ, ഒരു കോടി പുതിയ വോട്ടർമാരെ മഹാരാഷ്ട്രയിൽ ചേർത്തുവെന്നും ഈ വോട്ട് കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും പറഞ്ഞു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന സംശയങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുന്നില്ല. വോട്ട് കൊള്ളയിലൂടെയാണ് ബിജെപി വിജയിക്കുന്നത്. എന്നാൽ ബിഹാറിൽ അത് അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളിലേയും വോട്ട് കൊള്ള ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. ബിഹാറിലെ ദരിദ്രരുടെ വോട്ടുകൾ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിലൂടെ തട്ടിയെടുക്കാനാണ് ശ്രമമെന്നും രാഹുൽ ആരോപിച്ചു. ബിജെപി തനിക്കെതിരെ നടത്തിയ വാർത്താ സമ്മേളനം അപ്രസക്തമാണ്. തന്റെ പക്കൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ആവശ്യപ്പെട്ടു. പക്ഷേ വാർത്താസമ്മേളനം നടത്തിയ ബിജെപിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ ആഞ്ഞടിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ ബിജെപി വോട്ട് കവരുകയാണെന്ന് തേജസ്വി യാദവും കുറ്റപ്പെടുത്തി. വോട്ട് മാത്രമല്ല രാജ്യത്തിന്റെ സമ്പത്തും അവർ കവരുകയാണ്. ഇന്ന് വോട്ട് വെട്ടി, നാളെ റേഷൻ വെട്ടും. എന്ത് സഹിച്ചും വോട്ട് കൊള്ള അവസാനിപ്പിക്കും. ബിഹാറിലെ ജനങ്ങൾ ദരിദ്രരായിരിക്കാം, പക്ഷെ ജനരോഷം മോദിക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കുമെന്നും തേജസ്വി വ്യക്തമാക്കി.

മോദിക്കെതിരെ കടുത്ത ഭാഷയിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സംസാരിച്ചത്. പാവപ്പെട്ടവരുടെ വോട്ട് വെട്ടി അധികാരത്തിൽ എത്താനാണ് ബിജെപി ശ്രമമെന്നും അത്തരത്തിൽ അധികാരത്തിലെത്തിയ മോദി മോഷ്ടാവാണെന്നും ഖർഗെ പറഞ്ഞു. ബിഹാറിൽ 65 ലക്ഷം വോട്ടാണ് വെട്ടിയത്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആദിവാസികളുടെയും വോട്ടുകളാണ് വെട്ടിയത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ടില്ലെങ്കിൽ നരേന്ദ്ര മോദിയെ ജനങ്ങൾ തന്നെ പുറത്താക്കുമെന്നും ഖർഗെ പറഞ്ഞു.

വോട്ടർ പട്ടികയിൽ നിന്ന് ജനങ്ങളെ പുറന്തള്ളാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെക്കുറിച്ച് വോട്ടർമാരെ ബോധവത്ക്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. സഖ്യത്തിലെ ഘടകകക്ഷി നേതാക്കളെല്ലാം യാത്രയുടെ ഭാഗമാകും. 24 ജില്ലകളിലൂടെ 1,300 കിലോമീറ്റർ നേതാക്കൾ സഞ്ചരിക്കും. പതിനാല് ദിവസം നീളുന്ന യാത്ര സെപ്തംബർ ഒന്നിന് പട്‌ന ഗാന്ധി മൈതാനിയിൽ ' ഇൻഡ്യസഖ്യ' നേതാക്കൾ പങ്കെടുക്കുന്ന ബഹുജന റാലിയോടെ സമാപിക്കും.

Content Highlights: Voter Ahikar Yatra Launched; Rahul Gandhi Attacks Poll Body

To advertise here,contact us