ന്യൂഡല്ഹി: വോട്ടര്പട്ടികയിലെ ക്രമക്കേട് തെരഞ്ഞെടുപ്പ് കമ്മീഷന് സമ്മതിച്ചാൽ പ്രധാനമന്ത്രി രാജിവെക്കണമെന്ന് തൃണമൂല് കോണ്ഗ്രസ് ദേശീയ ജനറല് സെക്രട്ടറി അഭിഷേക് ബാനര്ജി. നരേന്ദ്രമോദിയുടെ രാജി ആദ്യ പടിയാണെന്നും തുടര്ന്ന് മന്ത്രിസഭ പിരിച്ചുവിടുകയും രാജ്യത്തെ മുഴുവന് സംസ്ഥാനങ്ങളിലും വോട്ടര് പട്ടിക തീവ്ര പരിഷ്കരണം നടത്തുകയും വേണമെന്നും അഭിഷേക് ബാനര്ജി പറഞ്ഞു. കൊല്ക്കത്തയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വോട്ടര് പട്ടികയിൽ ക്രമക്കേടുണ്ടെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ സമ്മതിച്ചാൽ പ്രധാനമന്ത്രി രാജിവെച്ച് മന്ത്രിസഭ പിരിച്ചുവിടണം. ഉടന് തന്നെ ലോക്സഭയും പിരിച്ചുവിടണം. തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില് മാത്രമല്ല, രാജ്യത്തുടനീളമുളള സംസ്ഥാനങ്ങളില് തീവ്ര വോട്ടര്പട്ടിക പരിഷ്കരണം നടത്തുകയും വേണം. ക്രമക്കേടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇതേ വോട്ടര്പട്ടികയുടെ അടിസ്ഥാനത്തിലാണ് നിലവിലെ സര്ക്കാരിനെ തെരഞ്ഞെടുത്തിരിക്കുന്നത്. അത് കേന്ദ്രസര്ക്കാരിന്റെ നിയമസാധുതയെ അസാധുവാക്കുന്നാണ്'- അഭിഷേക് ബാനര്ജി പറഞ്ഞു.
പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുള്പ്പെടെ 240-ലധികം ബിജെപി എംപിമാര് ഇതേ വോട്ടര്പട്ടിക ഉപയോഗിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും വരുംദിവസങ്ങളില് ഈ എംപിമാരാണ് രാജ്യത്തിന്റെ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തെരഞ്ഞെടുക്കുകയെന്നും അഭിഷേക് ബാനർജി പറഞ്ഞു. ഗുജറാത്തിലും ഉത്തര്പ്രദേശിലും മധ്യപ്രദേശിലും വോട്ടര്പട്ടിക കൃത്രിമമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആരോപിക്കില്ല, പക്ഷെ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും എസ്ഐആറിന് ഉത്തരവിടുമെന്നും രാജ്യത്ത് എല്ലാവര്ക്കും ഒരേനിയമമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള് വോട്ടവകാശം വിനിയോഗിച്ചാല് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില് തോല്ക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് ബിജെപി ബിഹാറില് എസ്ഐആറിന് ഉത്തരവിട്ടതെന്നും അഭിഷേക് ആരോപിച്ചു. പ്രതിപക്ഷം കഴിഞ്ഞ ദിവസം ഡല്ഹിയില് നടത്തിയ പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഭയപ്പെട്ടിരിക്കുകയാണ്, അവര്ക്ക് ഉത്തരമില്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Content Highlights: Abhishek banerjee demands PM Narendra modi resignation on bihar voters list row