മുഖത്ത് തുടരെ അടിച്ചു; ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കൊപ്പം അറസ്റ്റിലായ യുവാവ് നേരിട്ടത് ക്രൂരമർദനം; ദൃശ്യങ്ങൾ

യുവതികളെ കടത്തിക്കൊണ്ടുപോകാന്‍ സഹായിച്ചു എന്ന് ആരോപിച്ചായിരുന്നു യുവാവിനെ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായ ആദിവാസി യുവാവ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. നാരായണ്‍പുര്‍ സ്വദേശിയായ സുഖ്മാന്‍ മണ്ഡാവി (19)യെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. യുവാവിന്റെ മുഖത്തും കഴുത്തിലും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി അടിക്കുന്നത് ദൃശ്യത്തിലുണ്ട്. യുവതികളെ കടത്തിക്കൊണ്ടുപോകാന്‍ സഹായിച്ചു എന്ന് ആരോപിച്ചായിരുന്നു യുവാവിനെ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്.

ജൂണ്‍ 25നായിരുന്നു സംഭവം നടക്കുന്നത്. ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയേയും വന്ദന ഫ്രാന്‍സിസിനേയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഇവര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്ന സുഖ്മാനെയും പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്റ്റേഷനില്‍വെച്ച് കന്യാസ്ത്രീകളോടും ആദിവാസി യുവാവിനോടും യുവതികളോടും ക്രൂരമായ ഇടപെടലായിരുന്നു ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയത്. കേസ് പിന്നീട് ഛത്തീസ്ഗഡ് പൊലീസിന് കൈമാറുകയും അറസ്റ്റിലായ കന്യാസ്ത്രീകളെ ദുര്‍ഗിലെ കൊടുംകുറ്റവാളികള്‍ കഴിയുന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തു. സുഖ്മാന്‍ മണ്ഡാവിയേയും ജയിലില്‍ അടച്ചു.

കന്യാസ്ത്രീകള്‍ക്ക് നീതി തേടി കേരളത്തിലും ഛത്തീസ്ഗഡിലും അടക്കം വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വിവിധ സഭകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. കന്യാസ്ത്രീകള്‍ക്ക് നീതി തേടി യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ ഛത്തീസ്ഗഡിലെത്തി. ബിജെപിയില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഡിലെത്തി. കന്യാസ്ത്രീകളെ കാണാന്‍ അനൂപ് ആന്റണിക്കും യുഡിഎഫ് നേതാക്കളും സുഗമമായി വഴിയൊരുങ്ങിയപ്പോള്‍ എല്‍ഡിഎഫ് നേതാക്കള്‍ക്ക് തൊട്ടടുത്ത ദിവസമാണ് അവസരമൊരുങ്ങിയത്. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭ്യമാക്കുന്നതിനായി യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് നിവേദനം നല്‍കി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നായിരുന്നു അമിത് ഷായുടെ ഉറപ്പ്. എന്നാല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇത് വലിയ ചര്‍ച്ചകളിലേക്ക് വഴിമാറി. അമിത് ഷായ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ എന്‍ഐഎ കോടതി കേസ് പരിഗണിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശന ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്. ഇതോടൊപ്പം സുഖ്മാന്‍ മണ്ഡാവിക്കും ജാമ്യം ലഭിച്ചു. ഇവര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം ശക്തമാണ്.

Content Highlights- Video of Bajrangdal who brutally attacked man who arrested with malayali nuns out

To advertise here,contact us