ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് എതിരായി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് ഗുജറാത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാജേഷ് സോണിയെ സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ ഓപ്പറേഷൻ സിന്ദൂറിന് എതിരായി കോൺഗ്രസ് നേതാവ് പോസ്റ്റ് ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദേശീയ സുരക്ഷയ്ക്ക് എതിരാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ ഉള്ളടക്കം പ്രതിരോധ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കും. രാജ്യത്തിന്റെ പരമാധികാരത്തെ അപകടത്തിലാക്കുമെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട്, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), പ്രത്യേകിച്ച് സെക്ഷൻ 152, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട സെക്ഷൻ 353(1)(എ) എന്നിവ പ്രകാരം രാജേഷ് സോണിക്കെതിരെ കേസെടുത്തിട്ടുണ്ട്.
രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളാണ് എഫ്ഐആറിൽ പരാമർശിച്ചിട്ടുളളത്. ഒരു പോസ്റ്റ് ഓപ്പറേഷൻ സിന്ദൂരിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. പക്ഷേ അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുദ്ധവിമാന പൈലറ്റ് യൂണിഫോമിൽ ചിത്രീകരിച്ചിട്ടുണ്ട്. ദയവായി ശ്രദ്ധിക്കുക. സൈനികർക്ക് ക്രെഡിറ്റ് ലഭിക്കില്ല. ഓപ്പറേഷൻ സിന്ദൂരിൽ റാഫേൽ പറത്തുന്നതിനുള്ള ചെലവിന്റെ ഇരട്ടിയായിരിക്കും പ്രധാന മന്ത്രിയുടെ പ്രചാരണത്തിനുള്ള ചെലവ് എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു പോസ്റ്റ്.
രണ്ടാമത്തെ പോസ്റ്റിൽ, വസ്തുതകൾ അറിയാമായിരുന്നിട്ടും ഇന്ത്യൻ സർക്കാർ ഓപ്പറേഷൻ സമയത്ത് കീഴടങ്ങിയെന്ന് ആരോപിച്ചിട്ടുണ്ട്. ഇത് പൊതുജനവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് എഫ്ഐആറിൽ പറയുന്നു. സായുധ സേനയുടെ മനോവീര്യം തകർക്കുന്നതാണിത്. സൈനികരുടെ ത്യാഗങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണ് പോസ്റ്റിലുളളതെന്നും എഫ്ഐആറിലുണ്ട്.
പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പിന്നാലെ രാജ്യത്തെ പെൺമക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരർക്ക് ഇന്ത്യ നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ സിന്ദൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓപ്പറേഷന്റെ പേര് നിർദ്ദേശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights: Gujarat Congress leader arrested for 'misleading, morale breaking' posts on Operation Sindoor