ചാരക്കേസ്;യൂട്യൂബർ ജ്യോതി മൽഹോത്രക്ക് യുഎഇ ആസ്ഥാനമായുള്ള ട്രാവൽ കമ്പനി സ്‌പോൺസർഷിപ്പ് നല്‍കിയതായി റിപ്പോർട്ട്

ജ്യോതിയുടെ എല്ലാ സ്‌പോണ്‍സര്‍മാരെയും നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു

ന്യൂഡല്‍ഹി: ചാരക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് യുഎഇ ആസ്ഥാനമായുള്ള ട്രാവല്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തല്‍. ഇത് കൂടാതെ നിരവധി സ്‌പോണ്‍സര്‍ഷിപ്പ് ജ്യോതിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലെന്ന് സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിംഗപ്പൂരിലും ദുബൈയിലും ഓഫീസുള്ള വെഗോയാണ് ജ്യോതി മല്‍ഹോത്രയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയത്. പാകിസ്താനിലും പ്രവര്‍ത്തിക്കാന്‍ വെഗോയ്ക്ക് ലൈസന്‍സുണ്ട്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ അംഗീകാരവും വെഗോയ്ക്കുണ്ട്. എന്നാല്‍ വെഗോ പാകിസ്താനില്‍ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജ്യോതിയുടെ എല്ലാ സ്‌പോണ്‍സര്‍മാരെയും നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഹരിയാന പൊലീസിന്റെ കസ്റ്റഡിയിലാണ് ജ്യോതി.

അതേസമയം പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ജ്യോതി മല്‍ഹോത്ര ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ ആവശ്യത്തിനായി ഹൈക്കമ്മീഷന്‍ ഓഫീസില്‍ 2023ല്‍ എത്തിയപ്പോഴാണ് ആദ്യമായി ഡാനിഷിനെ പരിചയപ്പെട്ടതെന്നും ചോദ്യം ചെയ്യലില്‍ ജ്യോതി മൊഴി നല്‍കിയതായാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഡാനിഷ്.

പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ ഡാനിഷിന്റെ പരിചയക്കാരനായ അലി ഹസ്സനെ പരിചയപ്പെട്ടെന്നും അയാള്‍ വഴിയാണ് താമസവും യാത്രയും തരപ്പെടുത്തിയതെന്നും ജ്യോതി ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. പാക്കിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെന്ന് കരുതപ്പെടുന്ന ഷാക്കിര്‍, റാണ എന്നിവരെ അലി ഹസ്സന്‍ പരിചയപ്പെടുത്തിയെന്നും ജ്യോതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

ജ്യോതി മല്‍ഹോത്ര അടക്കം ആറുപേരെയാണ് പൊലീസ് ചാരപ്രവൃത്തിക്ക് അറസ്റ്റ് ചെയ്തിരിക്കുന്നത്. 'ട്രാവല്‍ വിത്ത് ജോ' എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താന്‍ ഇന്റലിജന്‍സ് ജ്യോതിയെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങള്‍ കൈമാറി കിട്ടാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ജ്യോതി ചൈനയിലടക്കം യാത്ര ചെയ്തത് എന്തിന് എന്നതും വരുമാനത്തിന്റെ സ്രോതസും പൊലീസിന്റെ അന്വേഷണപരിധിയിലാണ്.

Content Highlights: UAE Based firm sponsored Spy case accused Jyoti Malhotra

To advertise here,contact us