'റോഹിങ്ക്യൻ അഭയാർത്ഥികൾ യുവാക്കളുടെ പ്രാദേശിക തൊഴിലുകൾ കൊള്ളയടിക്കുന്നു; വിവാദ പരാമർശവുമായി പവൻ കല്യാൺ

വിജയവാഡയിൽ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ആന്ധ്ര ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാണിന്റെ പരാമർശം

ഹൈദരാബാദ്: റോഹിങ്ക്യൻ അഭയാർഥികൾ സംസ്ഥാനത്തെ യുവാക്കളുടെ തൊഴിലുകൾ അപഹരിക്കുന്നുവെന്നും കൃത്യമായ നിരീക്ഷണം അത്യാവശ്യമാണെന്നും പവൻ കല്യാൺ. വിജയവാഡയിൽ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ആന്ധ്ര ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാണിന്റെ പരാമർശം.

ചില ആളുകൾ അഭയാർത്ഥികൾക്ക് സ്ഥിരം താമസസൗകര്യങ്ങൾ ഒരുക്കാനായി മുൻകൈ എടുക്കുകയാണെന്നും പൊലീസ് അതിർത്തികളിലും മറ്റും കൂടുതൽ ജാഗ്രത പുലർത്തണമെന്നും പവൻ കല്യാൺ പറഞ്ഞു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ തീവ്രവാദികളുടെ സോഫ്റ്റ് ടാർഗറ്റുകൾ ആകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

' സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഭീകരവാദ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസിനോട് ജാഗരൂകരായിരിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഭയാർത്ഥികൾക്ക് മേൽ കൃത്യമായ ഒരു കണ്ണുണ്ടായാൽ അപകടങ്ങൾ ഉണ്ടാകാതെ നോക്കാം. മാത്രമല്ല, മ്യാന്മറിൽ നിന്ന് വരുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾ സംസ്ഥാനത്തെ യുവാക്കൾക്ക് കിട്ടേണ്ട പ്രാദേശിക തൊഴിൽ സാധ്യതകളെ അപഹരികുകയാണ്. ആന്ധ്രയിലെയും തെലങ്കാനയിലെയും തൊഴിൽ അതാത് സംസ്ഥാനങ്ങളിലെ യുവാക്കൾക്ക് നൽകുക എന്നത് തന്നെയാണ് പ്രധാനം'; പവൻ കല്യാൺ പറഞ്ഞു.

റോഹിങ്ക്യൻ അഭയാർത്ഥികൾ സംസ്ഥാനത്തെത്തി ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡികൾ എന്നിവ ഉണ്ടാക്കിയെടുക്കുന്നുവെന്നും പവൻ കല്യാൺ ആരോപിച്ചു. എങ്ങനെയാണ് ഇവർ ഇതെല്ലാം ഉണ്ടാക്കിയെടുക്കുന്നത് എന്ന ചോദിച്ച ഉപമുഖ്യമന്ത്രി ചിലർ ഇവരെ സഹായിക്കാനായി രംഗത്തുള്ളതിന്റെ തെളിവാണിതെന്നും കൂട്ടിച്ചേർത്തു.

Content Highlights: Rohingyans stealing jobs of youth, says Pawan Kalyan

To advertise here,contact us