ഡൽഹിയിലേക്കെന്ന് മാത്രമാണ് പറഞ്ഞത്, പാക് യാത്ര സൂചിപ്പിച്ചിരുന്നില്ല; ജ്യോതി മൽഹോത്രയുടെ പിതാവ്

ഡൽഹിയിലേക്ക് പോകുന്നുവെന്ന് മാത്രമാണ് തങ്ങളോട് പറയാറുണ്ടായിരുന്നത് എന്ന് പിതാവ്

ന്യൂ ഡൽഹി: പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര യാത്രയെപ്പറ്റിയുളള കാര്യങ്ങൾ തങ്ങളോടും കൃത്യമായി പങ്കുവെച്ചിരുന്നില്ലെന്ന് പിതാവ് ഹരീഷ് മൽഹോത്ര. തങ്ങൾക്ക് മകൾ പാകിസ്താനിലേക്ക് പോകുന്നതിനെപ്പറ്റി അറിവില്ലായിരുന്നുവെന്നും ഡൽഹിയിലേക്ക് പോകുന്നുവെന്ന് മാത്രമാണ് പറയാറുണ്ടായിരുന്നത് എന്നും പിതാവ് പറഞ്ഞു.

നേരത്തെ മകൾ പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്ന വാദത്തിൽ നിന്ന് പിന്നോട്ട് പോകുക കൂടിയാണ് പിതാവ്. തന്റെ മകൾ വീഡിയോ ഷൂട്ട് ചെയ്യാനായി പാകിസ്താനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാറുള്ളതാണ്. എല്ലാ അനുമതിയും എടുത്ത ശേഷമായിരിക്കും ഇങ്ങനെ പോകുക. അവിടെ മകൾക്ക് സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ചാൽ എന്താണ് പ്രശ്നം എന്നായിരുന്നു പിതാവ് മുൻപ് പറഞ്ഞിരുന്നത്.

ജ്യോതി മൽഹോത്ര പഹൽഗാം ആക്രമണത്തിന് മുൻപ് നിരവധി തവണ പാകിസ്താൻ സന്ദർശിച്ചതായും കണ്ടെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഇൻഫ്ലുവൻസേഴ്സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താൻ ഇന്റലിജൻസ് ജ്യോതിയെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങൾ കൈമാറി കിട്ടാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ജ്യോതി ചൈനയിലടക്കം യാത്ര ചെയ്തത് എന്തിന് എന്നതും വരുമാനത്തിന്റെ സ്രോതസും പൊലീസ് അന്വേഷണപരിധിയിലാണ്.

'ട്രാവൽ വിത്ത് ജോ" എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023-ൽ ജ്യോതി പാകിസ്താൻ സന്ദർശിച്ചതായും അവിടെ വെച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഡാനിഷിനെ 2025 മെയ് 13-ന് പദവിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. നിരവധി പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് ജ്യോതിയെ ഡാനിഷ് പരിചയപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു.

Content Highlights: Jyothi malhothra travelled to pakistan after saying she is going to delhi

To advertise here,contact us