ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം; രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു

പാക് അതിര്‍ത്തിയോട് ചേര്‍ന്നവയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ സേനാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് നടപടി. പാക് അതിര്‍ത്തിയോട് ചേര്‍ന്നവയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ സേനാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടച്ചു. ചിലത് മെയ് പത്ത് വരെയും മറ്റുള്ളവ അനിശ്ചിത കാലത്തേയ്ക്കുമാണ് അടച്ചത്.

ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, ഭന്തര്‍, കിഷന്‍ഗഡ്, പട്ട്യാല, ഷിംല. കന്‍ഗ്ര-ഗഗ്ഗാല്‍, ഭട്ടീന്ദ, ജയ്‌സാല്‍മര്‍, ജോദ്പുര്‍, ബിക്കാനെര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗര്‍, ഹിരാസര്‍ (രാജ്‌കോട്ട്), പോര്‍ബന്ദര്‍, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട അഞ്ച് സര്‍വീസുകളും എത്തിച്ചേരേണ്ട അഞ്ച് സര്‍വീസുകളും റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയ്ക്കുള്ള രണ്ട് സര്‍വീസുകളും ഗാസിയാബാദിനടുത്തുള്ള ഹിന്‍ഡന്‍, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കി. ബെംഗളൂരുവില്‍ നിന്ന് ഉത്തരേന്ത്യന്‍ അതിര്‍ത്തി മേഖലകളിലേയ്ക്കുള്ള സര്‍വീസുകള്‍ ഇന്നലെയും മുടങ്ങി. അമൃത്‌സര്‍, ചണ്ഡിഗഡ്, ശ്രീനഗര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേയ്ക്കുള്‍പ്പെടെ 29 സര്‍വീസുകള്‍ ബുധനാഴ്ച റദ്ദാക്കിയിരുന്നു.

അതിനിടെ പാകിസ്താന്‍ തലസ്ഥാവമായ ഇസ്‌ലാമാബാദിലും ലാഹോറിലും അടക്കം ഇന്ത്യ കനത്ത വ്യോമാക്രമണം നടത്തി. ഇസ്‌ലമാബാദില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനിക മേധാവി അസിം മുനീറിന്റേയും വസതിക്ക് സമീപം സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഷെഹബാസ് ഷെരീഫിനെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ ജമ്മുവില്‍ പാക് പ്രകോപനത്തെ തുടര്‍ന്ന് തുടര്‍ച്ചയായി അപായ സൈറന്‍ മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെ സമ്പൂര്‍ണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. ഉറിയില്‍ പാക് വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്.

Content Highlights- 24 airports shut amid pakistan's missile attacks

To advertise here,contact us