ന്യൂഡല്ഹി: പഹല്ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് കോണ്ഗ്രസ് അടിയന്തര പ്രവര്ത്തക സമിതി യോഗം നാളെ നടക്കും. അക്ബര് റോഡിലെ ദേശീയ ആസ്ഥാനത്ത് നാളെ രാവിലെ 11 മണിക്കാണ് യോഗം നടക്കുക. ഇത് രാജ്യത്തിന് എതിരായ ആക്രമണമായി കാണണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി കെ സി വേണുഗോപാല് പറഞ്ഞു.
അക്ഷരാര്ത്ഥത്തില് ഭീകരമായ ആക്രമണം തന്നെയാണ് നടന്നത്. ഇപ്പോള് രാജ്യം ഒറ്റക്കെട്ടായി നില്ക്കാന് ആഗ്രഹിക്കുന്നു. എവിടെ വീഴ്ച പറ്റി എന്നത് പിന്നീട് ചര്ച്ച നടക്കണം. വീഴ്ച എവിടെ എന്നത് പരിശോധനയ്ക്ക് വിധേയമാക്കുക തന്നെ വേണം. കേന്ദ്ര സര്ക്കാര് ശക്തമായ നടപടി എടുക്കണം. ജനങ്ങള് പ്രതിഷേധിച്ച് തെരുവില് ഇറങ്ങിയത് രാജ്യം ഒരുമിച്ച് എതിര്ക്കുന്നു എന്നതിന് തെളിവാണ്. നാളത്തെ പ്രവര്ത്തക സമിതി യോഗം വിളിച്ചത് ഈ വിഷയം മാത്രം ചര്ച്ച ചെയ്യാനാണെന്നും കെ സി വേണുഗോപാല് പറഞ്ഞു.
അതിര്ത്തി കടന്നുള്ള ഭീകരാക്രമണത്തിന് മതിയായതും ശക്തവുമായ മറുപടി നല്കണണെന്ന് കോണ്ഗ്രസ് നേതാക്കളായ മല്ലികാര്ജുന് ഖര്ഗെയും രാഹുല് ഗാന്ധിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. സര്വ്വശക്തിയുമെടുത്ത് തീവ്രവാദികളെ തുരത്തണമെന്നും രാജ്യം ഒറ്റക്കെട്ടായി കൂടെ നില്ക്കുമെന്നും മല്ലികാര്ജുന് ഖര്ഗെ പറഞ്ഞു. ഭീകരര്ക്ക് ഉചിതമായ മറുപടി നല്കണം. സര്ക്കാരിന് പൂര്ണ സഹകരണം വാഗ്ദാനം ചെയ്യുന്നു. അമര്നാഥ് തീര്ത്ഥാടനം അടുത്തുവരികയാണ്. സര്ക്കാര് മുന്കരുതല് എടുക്കേണ്ട സമയമാണിതെന്നും ഖര്ഗെ പറഞ്ഞു. കോണ്ഗ്രസ് വര്ക്കിങ് കമ്മിറ്റി യോഗം നാളെ ഡല്ഹിയില് ചേരുമെന്നും സാഹചര്യം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഭയാനകമായ ഭീകരാക്രമണത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഒമര് അബ്ദുള്ള, ജമ്മു കശ്മീര് കോണ്ഗ്രസ് അദ്ധ്യക്ഷന് താരിഖ് ഹമീദ് കര്റ എന്നിവരുമായി സംസാരിച്ചതായി ബുധനാഴ്ച രാവിലെ രാഹുല് ഗാന്ധി എക്സിലൂടെ പറഞ്ഞിരുന്നു. സ്ഥിതി ഗതികളെ കുറിച്ചുള്ള പുതിയ വിവരങ്ങള് ലഭിച്ചു. ഇരകളുടെ കുടുംബങ്ങള്ക്ക് നീതിയും നമ്മളുടെ പൂര്ണ്ണ പിന്തുണയും അര്ഹിക്കുന്നുവെന്നും രാഹുല് കുറിച്ചു.
ഭീകരാക്രമണത്തില് വിനോദസഞ്ചാരികള് കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയവുമാണെന്ന് രാഹുല് ഗാന്ധി ചൊവ്വാഴ്ച എക്സില് കുറിച്ചിരുന്നു. അതേ സമയം കേന്ദ്രത്തിനെതിരെയും രാഹുല് ഗാന്ധി ആഞ്ഞടിച്ചു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള് സാധാരണമാണെന്ന് പൊള്ളയായ അവകാശവാദങ്ങള് ഉന്നയിക്കുന്നതിനു പകരം ഇത്തരം സംഭവങ്ങള് ഉണ്ടാകാതിരിക്കാന് കേന്ദ്രം നടപടി സ്വീകരിക്കണമെന്നും രാഹുല് ഗാന്ധി ആവശ്യപ്പെട്ടു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും രാഹുല്?ഗാന്ധി എക്സില് കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു. താന് ഉടനെ ജമ്മു കാശ്മീരിലേക്ക് പോകുമെന്നും അദ്ദേഹം എക്സില് കുറിച്ചു.
Content Highlights: Congress calls emergency Working Committee meet