നിരീക്ഷണം, കൃത്യമായ ആസൂത്രണം: ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പ്രധാന പ്രതി പിടിയിലായതിങ്ങനെ

ലോറൻസ് ബിഷ്‌ണോയിയുടെ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന് ശിവകുമാറും സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു

ന്യൂഡൽഹി: ബാബ സിദ്ദിഖി കൊലപാതകത്തിലെ പ്രധാന പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. ഒരു മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പൊലീസിന്റെ വലയിലായത്. ഉത്തർപ്രദേശിലെ ബഹ്റൈച്ചില്‍ നിന്നാണ് മുഖ്യപ്രതി ശിവകുമാർ ​ഗൗതം പിടിയിലായത്.

നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. നേരത്തെ പിടിയിലായ രണ്ട് പേർക്കൊപ്പമാണ് ശിവകുമാർ ഒക്ടോബർ 12 ന് മുംബൈയിലെ സീഷാൻ സിദ്ദിഖിൻ്റെ ഓഫീസിന് പുറത്ത് വെച്ച് സിദ്ദിഖിയെ വെടിവച്ചു കൊന്നത്.

Also Read:

National
കൊൽക്കത്ത സ്വദേശിയായ പ്രൊഫസർ ഉത്തരാഖണ്ഡിലെ ഹോട്ടലിൽ മരിച്ച നിലയിൽ; കഴുത്തറുത്ത നിലയില്‍

ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനായി ദിവസങ്ങളോളം പ്ലാൻ ചെയ്ത് കാത്തിരുന്നിരുന്നുവെന്നും അവസരം കിട്ടിയപ്പോൾ കൊലപാതകം നടത്തുകയായിരുന്നു എന്നുമാണ് ശിവകുമാർ പൊലീസിനോട് പറഞ്ഞത്. ലോറൻസ് ബിഷ്‌ണോയിയുടെ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന് ശിവകുമാറും സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുടെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഇയാളെ പിടികൂടുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

എങ്ങനെയാണ് പൊലീസ് പ്രധാന പ്രതിയെ പിടികൂടിയത് ?

ഉത്തർപ്രദേശിലെയും മുബൈയിലെയും പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ശിവകുമാറിനെ പിടികൂടിയത്. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം ചില സഹായികളെ കാണാൻ പ്രതി മധ്യപ്രദേശിലെ ഓംകാരേശ്വറിലേക്ക് പോയിരുന്നു. ശിവകുമാർ എവിടെയെന്ന് മനസിലായെങ്കിലും അന്ന് പൊലീസിന് ഇയാളെ പിടികൂടാൻ സാധിച്ചില്ല. തുടർന്ന് പൊലീസ് ശിവകുമാറിൻ്റെ കുടുംബാംഗങ്ങളും അടുത്ത സഹായികളും ഉൾപ്പെടെ 45 ഓളം പേരെ നിരീക്ഷിച്ചു വരികയായിരുന്നു.

ശിവകുമാർ നിരന്തരം ബന്ധപ്പെടുന്ന നാല് പ്രധാന വ്യക്തികളെ കണ്ടെത്തിയതോടെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നു. ശിവകുമാറിൻ്റെ വസതിയുടെ സമീപമുള്ള മറ്റൊരു വീടാണ് ഇയാൾ സുരക്ഷാകേന്ദ്രമാക്കി ഉപയോഗിച്ചിരുന്നത്. സഹായികള്‍ ശിവകുമാറിനെ കാണാനെത്തിയ സമയത്താണ് പൊലീസ് സംഘം സ്ഥലത്തെത്തിയതും പ്രതികളെ പിടികൂടിയതും.

ശിവകുമാറിന് അഭയം നൽകി നേപ്പാളിലേക്ക് രക്ഷപ്പെടാൻ സഹായിച്ചതിന് അനുരാഗ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

Content Highlights-Baba Siddiqui's murder, the prime suspect was nabbed a month later

To advertise here,contact us