'കൊലപാതകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയായി ഞങ്ങള്‍ കാണുന്നില്ല'; കൊലവിളിയെ തള്ളി CPI

എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ടി ഐ മധുസൂദനന്‍ | ബിനോയ് വിശ്വം

കൊച്ചി: ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഐ. കൊലപാതകമല്ല, ആശയത്തിന്റേതാണ് രാഷ്രട്രീയമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിനോയ് വിശ്വം

'എന്തിന്റെ പേരിലാണെങ്കിലും കൊലപാതകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയായി സിപിഐ കാണുന്നില്ല. കൊലവിളികളും അതിന്റെ കണക്ക് പറയലും അതിന്റെ മഹത്വം പറയലുമല്ല കമ്യൂണിസ്റ്റ് വഴി. കമ്യൂണിസ്റ്റ് വഴി സ്‌നേഹത്തിന്റെ വഴിയാണ്. മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു പേരാണ് കമ്മ്യൂണിസം. അതാണ് സിപിഐയുടെ ബോധ്യം,' അദ്ദേഹം പറഞ്ഞു.

കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ചീമേനി സംഭവം അടക്കം ഓര്‍മിപ്പിച്ചുകൊണ്ടാണ് ടി ഐ മധുസൂദനന്‍ കൊലവിളി പ്രസംഗം നടത്തിയത്. തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ ജഡ്ജിക്ക് കഴിയില്ലെന്നായിരുന്നു കോടതി വിധിയോടുള്ള ടി ഐ മധുസൂദനന്റെ പ്രതികരണം.

ചീമേനിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ചുട്ടുകൊന്ന പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതാണെന്ന് ചൂണ്ടിക്കാണിച്ച മധുസൂദനന്‍ കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീര്‍ക്കുമെന്നും വെല്ലുവിളിച്ചു.

'ധനരാജിന്റെ അയല്‍വാസിയായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ് കേസിലെ ഒന്നാം സാക്ഷി. അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയായത് ധനരാജ് കൊല്ലപ്പെട്ടതിന് ശേഷമാണ്. അദ്ദേഹം പറഞ്ഞതൊന്നും കോടതിക്ക് ബോധ്യമില്ല. അദ്ദേഹം സിപിഐഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഈ രാഷ്ട്രീയത്തിന്റെ മുഖ്യവക്താവാണ്. അതുകൊണ്ട് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. നിങ്ങള്‍ അംഗീകരിക്കണ്ട. ഈ കോടതികളും ഞങ്ങളെ പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്, അഞ്ചുപേരെ ചുട്ടുകൊന്നിട്ടുള്ള ചീമേനിയിലെ സംഭവത്തില്‍ ഒരു കോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല എന്ന കാര്യം. പക്ഷെ അവരാരും ഇന്ന് ജീവിനോടെയില്ല എന്ന കാര്യം ഈ ഭരണകൂടം ഓര്‍മിക്കുന്നത് നല്ലതാണ്. ഞങ്ങളാരും ഒരു അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തീര്‍ക്കും. അതിലൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ലെ'ന്നും ടി ഐ മധുസൂദനന്‍ വെല്ലുവിളിച്ചു.

ടി ഐ മധുസൂദനന്‍ | രമേശ് ചെന്നിത്തല

അതേസമയം, മധുസൂദനന്റെ പ്രസംഗത്തെ സര്‍ക്കാര്‍ ഗൗരവതരമായി കാണുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മുന്‍പ് ജനപ്രതിനിധിയായിരുന്ന ഒരാള്‍ ഒരിക്കലും ഇത്തരത്തില്‍ കൊലവിളി പ്രസംഗം നടത്താന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlight: CPI state secretary Binoy Viswam has rejected the killing threat remarks made by CPI(M) leader T I Madhusoodanan, asserting that murder, threats and glorification of violence have no place in Communist politics. Responding to Madhusoodanan's remarks recalling the Cheemeni incident during a Kuthuparamba martyrdom day event, Viswam said Communism stands for love and humanity. Madhusoodanan had alleged that those responsible for the killing of five people in Cheemeni had escaped punishment but warned that the political score would be settled.

To advertise here,contact us