കൊച്ചി: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഉടലെടുത്തതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ മകന് അമല്‍ ഉണ്ണിത്താന് രംഗത്ത്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഭരണമാണോ, അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കല്‍ ചെയര്‍ മത്സരമാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തില്‍ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തല. വി ഡി സതീശന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കാലത്തെ രാഷ്ട്രീയ തിരക്കഥ ആവര്‍ത്തിക്കാനാണോ ശ്രമം. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരില്‍ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നത് എന്നാണ് അമല്‍ ചെന്നിത്തലയോട് ചോദിച്ചത്. ഈ സംശയങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ വോട്ട് ചെയ്തത് അഞ്ചുവര്‍ഷം ഭരിക്കാനാണ്. അഞ്ചുവര്‍ഷം മുഴുവന്‍ മുഖ്യമന്ത്രി ആരാകണമെന്ന് ചര്‍ച്ച ചെയ്യാനല്ല. പിണറായി വിജയന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് സിപിഐഎം പുലര്‍ത്തിയ സംഘടനാപരമായ അച്ചടക്കത്തെ താന്‍ ബഹുമാനിക്കുന്നു. മുസ്ലിം ലീഗിന്റെ സംഘടനാപരമായ കെട്ടുറപ്പിനെയും അഭിനന്ദിക്കുന്നു. രാഷ്ട്രീയമായി വിയോജിപ്പുകള്‍ ഉണ്ടാകാം. എന്നാല്‍ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് അവരില്‍നിന്നും പലതും പഠിക്കാനുണ്ടെന്നാണ് അമല്‍ ഉണ്ണിത്താന് ചൂണ്ടിക്കാട്ടുന്നത്. നേതാക്കളുടെ അധികാരത്തര്‍ക്കങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാവും പകലും പോരാട്ടം നടത്തുകയാണ് പ്രവര്‍ത്തകര്‍. കസേര നേതാക്കള്‍ക്ക്, തമ്മിലടി പ്രവര്‍ത്തകര്‍ക്ക്, എന്തൊരു മനോഹരമായ തൊഴില്‍വിഭജനം എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശങ്ങളിലും അമല്‍ ഉണ്ണിത്താന് വിശദീകരണം നല്കി. അദ്ദേഹം അഭിപ്രായം പറഞ്ഞാല്‍ ഉടനെ ചിലരുടെ വക ബിജെപി സര്‍ട്ടിഫിക്കറ്റ് നല്‍കും. കോണ്‍ഗ്രസില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും ഇപ്പോള്‍ ഗ്രൂപ്പ് നേതാക്കളുടെ എന്‍ഒസി വേണമെന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനകളെ രാഷ്ട്രീയമായി നേരിടൂ. അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ബിജെപി മുദ്ര, ചോദ്യം ചോദിച്ചാല്‍ പാര്ട്ടിവിരുദ്ധന്, വിമര്‍ശിച്ചാല്‍ അച്ചടക്കലംഘനം ഇതാണോ കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യം. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാണിക്കുന്നതിനേക്കാള്‍ ആവേശം അധികാരക്കസേരയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കാണിക്കുന്നത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂ. എന്നാല്‍ കേരളത്തില്‍ പരിഹരിക്കപ്പെടേണ്ട ജനകീയ പ്രശ്നങ്ങള്‍ ആയിരക്കണക്കിനുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി അധികാരം ഉപയോഗിക്കാനാണോ നിങ്ങള്‍ രാഷ്ട്രീയത്തില്‍ വന്നത്, അതോ അധികാരത്തിനുവേണ്ടി ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിക്കാനാണോ എന്നും കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തോട് അമല്‍ ചോദ്യം ഉന്നയിച്ചു. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് തെളിവുകളും വസ്തുതകളും കൊണ്ടാണ്. ബിജെപി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Amal Unnithan, son of Congress MP Rajmohan Unnithan, has criticised Ramesh Chennithala and the Congress leadership amid renewed factional tensions in Kerala. Questioning whether the party is focused on governance or a race for the Chief Minister's chair, Amal alleged that political manoeuvres were underway to replace VD Satheesan and gain the CM position in the name of public sentiment. He also questioned whether the party was attempting to repeat the political developments seen during the Oommen Chandy era and demanded a clear response from the leadership.