കൊച്ചി: പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെ പരിഹസിച്ച് ബിജെപി നേതാവ് എം ജെ ജോബ്. അച്ഛന് ജീവിച്ചിരുന്നെങ്കില്‍ ബിജെപി അംഗമായേനെ എന്നാണ് പത്മജ പറഞ്ഞത്. കരുണാകരന്റെ ആത്മാവുമായിട്ടാണ് ബിജെപിയിലേക്ക് പോകുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചുപോയപ്പോള്‍ പത്മജ ഒറ്റയ്ക്കാണ് പോയത്. കരുണാകരന്റെ ആത്മാവ് ബിജെപിക്കൊപ്പം ഉണ്ടെന്ന് എം ജെ ജോബ് പറഞ്ഞു.
'പത്മജ വേണുഗോപാല്‍ വന്നപ്പോള്‍ ഒരു കാര്യം പറഞ്ഞിരുന്നു. അച്ഛന് ജീവിച്ചിരുന്നെങ്കില്‍ ബിജെപി അംഗമാവുമായിരുന്നുവെന്നാണ് പറഞ്ഞത്. അച്ഛന്റെ ആത്മാവുമായിട്ടാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പറഞ്ഞു. തിരിച്ചപോയപ്പോള് ഒറ്റയ്ക്കാണ് പോയത്. ആത്മാവ് കൊണ്ടുപോയിട്ടില്ല. ഇപ്പോഴും ആത്മാവ് നമ്മുടെ കൂടെയുണ്ട്. എനിക്ക് പത്മജ വേണുഗോപാലിനോട് ഒറ്റകാര്യമേ പറയാനുള്ളൂ. വല്ല പൂജയോ കര്‍മ്മങ്ങളോ ചെയ്ത് അച്ഛനെ കൊണ്ടുപോകാന്‍ പറ്റുമെങ്കില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുക. കെ കരുണാകരന്റെ ആത്മാവ് സത്യമാണെങ്കില്‍ ഒരു കാരണവശാലും പത്മജയുടെ പിന്നാലെ പോകില്ല. ബിജെപിയില്‍ തന്നെയുണ്ടാകും', എം ജെ ജോബ് പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് എം ജെ ജോബ് ബിജെപിയില്‍ ചേര്‍ന്നത്.
പത്മജ വേണുഗോപാല്‍ രണ്ടരവര്‍ഷക്കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് തിരിച്ചുപോയെന്നും അവര്‍ എന്തെങ്കിലും പ്രതീക്ഷിച്ചാണോ വന്നത് എന്ന് അറിയില്ലെന്നുമായിരുന്നു വിഷയത്തില്‍ വി മുരളീധരന് പ്രതികരിച്ചത്. പത്മജ വന്ന കാര്യം വന്നപ്പോഴും പോയ കാര്യം പോയപ്പോഴുമാണ് അറിഞ്ഞതെന്നും വി മുരളീധരന് പറഞ്ഞിരുന്നു.
അതേസമയം ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനം അനിശ്ചിതത്വത്തിലാണ്. മുന്‍കാല പ്രസ്താവനകളില്‍ മാപ്പ് പറയാതെ പാര്‍ട്ടിയില്‍ അംഗത്വം നല്‍കരുതെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കാമെന്നതാണ് പൊതുനിലപാട് എങ്കിലും പത്മജയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കണമെന്നാണ് ആവശ്യം.
Content Highlights: BJP leader M J Job mocked Padmaja Venugopal following her departure from the Congress party. The incident has drawn attention amid political developments in Kerala