ചേരാനല്ലൂര്‍ വാഹനാപകടം: 17 കാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്യുന്നു

കുട്ടിക്ക് പ്രയപൂര്‍ത്തിയാകാത്തതിനാല്‍ ആര്‍സി ഓണറായ പിതാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുത്തിരുന്നു

കൊച്ചി: ചോരാനല്ലൂരില്‍ 17 കാരന്‍ ഓടിച്ച കാറിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവായ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്യുന്നു. എറണാകുളം പൊലീസ് ക്ലബിലേക്ക് ജഡ്ജിയെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കുട്ടിക്ക് പ്രയപൂര്‍ത്തിയാകാത്തതിനാല്‍ ആര്‍സി ഓണറായ പിതാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുത്തിരുന്നു. ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുന്നത്. അതിന് പിന്നാലെ തന്നെ റയിഡുകളിലേക്ക് കടന്നിരുന്നു. ഇന്നലെ ജഡ്ജിയുടെ കമ്പനിപ്പടിയിലെ ഫ്ലാറ്റില്‍ എത്തി പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു.

17 കാരന്‍ കാറുമായി വീട്ടില്‍ നിന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. കൂടാതെ വീട്ടില്‍ ഉണ്ടായിരുന്ന ആഡംബര ബൈക്കും 17 കാരന്‍ പല തവണ ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തിയത്. ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരന്‍ തന്നെ കുട്ടി പല തവണ ബൈക്ക് ഓടിച്ചിരുന്നതായി മൊഴി നല്‍കിയിരുന്നു. ഇതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. എന്നാല്‍ മകന്‍ കാറോടിച്ചത് തന്റെ അറിവോടെ അല്ലെന്നായിരുന്നു ജഡ്ജിയുടെ വാദം. അതേസമയം മുമ്പും 17 കാരന്‍ വാഹനം പലതവണ ഓടിച്ചിരുന്നെന്നും കണ്ടെത്തിയതിനാല്‍ ഈ വാദം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. അതിനിടെ 17 കാരന്‍ വീഡിയോ ചിത്രീകരിക്കാനായി വാഹനം 103 കിലോമീറ്റര്‍ സ്പീഡില്‍ ഓടിച്ചതിന്റെ മൂന്ന് ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് കോടതിയില്‍ അറിയിച്ചു.

ജഡ്ജിയുടെ അറിവോടെ തന്നെയായിരുന്നു നിയമ വിരുദ്ധമായി 17 കാരന്‍ വാഹനം ഓടിച്ചിരുന്നതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിലേക്ക് പോകുമോ എന്നതിലാണ് വ്യക്തത വരാനുള്ളത്. കേസില്‍ 17 കാരനും പിതാവായ ജഡ്ജിയുമാണ് പ്രതി. ആദ്യം കുട്ടിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് നരഹത്യ വകുപ്പ് ചുമത്തുന്നത്. അതേസമയം ജഡ്ജിയുടെ ഫ്‌ലാറ്റില്‍ ഇപ്പോഴും പരിശോധന നടന്നുവരികയാണ്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു.

Content Highlights: Police are questioning the father of a 17-year-old boy involved in a fatal car accident in Cheranalloor. The judge was summoned to the Ernakulam Police Club for questioning. Police had registered a case against him the previous day because the teenager was underage and his father was the registered owner of the car.

To advertise here,contact us