ചേരാനല്ലൂർ അപകടം: പൊലീസിന് വീഴ്ച സംഭവിച്ചെന്ന് സഭയിൽ ആഭ്യന്തരമന്ത്രി; ഇരട്ട നീതിയെന്ന് പിണറായി വിജയൻ

കസ്റ്റഡി മര്‍ദനങ്ങള്‍ എണ്ണിപ്പറഞ്ഞ പിണറായി വിജയന്‍ ഇവിടെ രണ്ട് നീതിയാണെന്നും ആരോപിച്ചു

തിരുവനന്തപുരം: ചേരാനല്ലൂര്‍ അപകടത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് വീണ്ടും സഭയില്‍ സമ്മതിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ ഇന്നുതന്നെ നടപടിയുണ്ടാകുമെന്നും സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് പ്രതിപക്ഷവും ആരോപിച്ചു. കസ്റ്റഡി മര്‍ദനങ്ങള്‍ എണ്ണിപ്പറഞ്ഞ പിണറായി വിജയന്‍ ഇവിടെ രണ്ട് നീതിയാണെന്നും ആരോപിച്ചു.

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ ഭരണപക്ഷ എംഎല്‍എ കേസില്‍ ഇടപട്ടെന്ന എ സി മൊയ്തീന്‌റെ ആരോപണത്തില്‍ നിയമസഭയില്‍ ബഹളമുണ്ടായി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു എ സി മൊയ്തീന്‌റെ ആരോപണം. എന്നാല്‍ തെളിവില്ലാത്ത ആരോപണങ്ങളാണ് എസി മൊയ്തീന്‍ ഉന്നയിക്കുന്നതെന്നും ഇത് സഭയാണെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. ഗൗരവപ്പെട്ട വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ തടസം നില്‍ക്കരുതെന്ന് മൊയ്തീന്‍ പറഞ്ഞു. പൊലീസ് അതിക്രമം സംബന്ധിച്ച് എ സി മൊയ്തീന്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

എ സി മൊയ്തീനെ കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ചായിരുന്നു മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. പൊലീസ് അതിക്രമം ഉണ്ടായത് കുന്നംകുളത്താണെന്നും തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകനെ പൊലീസ് അടിച്ച് കരണം പൊട്ടിച്ചിട്ട് ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും സമയം കിട്ടിയില്ലല്ലോയെന്നും നിങ്ങളുടെ മണ്ഡലത്തിലായിരുന്നല്ലോ സംഭവമെന്നും മൊയ്തീനോട് അദ്ദേഹം ചോദിച്ചു. അവിടെയാണ് പൊലീസ് അതിക്രമം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ന് ഒരു അതിക്രമവും പൊലീസിന്‌റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല, ഉണ്ടായാല്‍ അത്തരക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരല്ലിത്. ഞങ്ങള്‍ നടപടി സ്വീകരിക്കും. നെടുമ്പാശ്ശേരി വിഷയത്തില്‍ ഗൗരവത്തോടെയാണ് പൊലീസ് ഇടപെട്ടത്. ഇതുവരെ പ്രതിക്ക് ജാമ്യവും കിട്ടിയിട്ടില്ല. വണ്ടി ഇടിച്ച് ഒരാള്‍ മരിച്ചാല്‍ ആരും ഇടപെടാന്‍ പോകില്ല. നാട്ടില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇതൊന്നും ഞങ്ങളുടെ കാലത്തല്ല മൊയ്തീന്‍ സാഹിബേ… കുറേ നാളായി', ചെന്നിത്തല പറഞ്ഞു.

ചേരാനല്ലൂരിലുണ്ടായ സംഭവത്തില്‍ വലിയ വിഷമം തോന്നി. ഒരു പാവപ്പെട്ട മനുഷ്യനെ ഇടിച്ചിട്ട് ചിത അടങ്ങുന്നതിന് മുമ്പ് ആ കുട്ടിക്ക് ജാമ്യം കിട്ടിയെന്ന വേദനാജനകമായ സംഭവം എല്ലാവരുടെയും മനസിലുണ്ട്. ഒരു പണക്കാരനും ഈ കാര്യത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ ഈ സര്‍ക്കാര്‍ സമ്മതിക്കില്ല. ജഡ്ജിയല്ല, ആരായാലും ശരി. ജഡ്ജി ചെയ്ത വലിയൊരു തെറ്റുണ്ട്. ഔദ്യോഗിക കാര്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പാടില്ല. ജഡ്ജി സ്റ്റേഷനിൽ പോവുകയും വളരെ മോശമായി കുടുംബക്കാരോട് പെരുമാറുകയും ചെയ്തു. ഇതൊന്നും അനുവദിക്കാന്‍ കഴിയില്ല. പാവപ്പെട്ട മനുഷ്യന്‌റെ കുടുംബത്തിനായി സാധ്യമായതെല്ലാം ചെയ്യും. ആര് കുറ്റക്കാരാണെങ്കിലും ഇന്നുതന്നെ നടപടിയുണ്ടാകും. ഇവിടെ പൊലീസുകാരുടെ അതിക്രമം ഉണ്ടാകില്ല, ആരെങ്കിലും ചെയ്താല്‍ They Will Face The Music', ചെന്നിത്തല പറഞ്ഞു.

നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്നും എന്നാൽ പൊലീസിന്റെ മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. സമ്പന്നരും സ്വാധീനമുള്ളവർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരവസ്ഥ ഗൗരവമായി കാണണമെന്നും പിണറായി നിയമസഭയിൽ വ്യക്തമാക്കി.

'സാധാരണക്കാർക്ക് നീതിനിഷേധം ഉണ്ടാകാൻ പാടില്ല. ഇതെല്ലാം കണ്ടുകൊണ്ടുള്ള ഇടപെടലുണ്ടാവണം. ചേരാനല്ലൂരിലെ രണ്ട് മക്കളോടും ഞാൻ സംസാരിച്ചു. ഞങ്ങൾക്കും സമ്പന്നർക്കും ഇരട്ട നീതിയാണോയെന്നാണ് അവർ ചോദിക്കുന്നത്. എത്രമാത്രം അവിശ്വാസമാണ് പൊലീസിനുമേൽ ഉണ്ടാകുന്നത്', പിണറായി വിജയൻ ചോദിച്ചു.

Content Highlights: cheranalloor accident police lapse admitted by home minister ramesh chennithala

To advertise here,contact us