CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: 'കോടതിയെ പഠിപ്പിക്കാന്‍ വരരുത്'; കെ എം ഷാജഹാന് ഹൈക്കോടതിയുടെ വിമര്‍ശനം

കെ എം ഷാജഹാനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പരാതിക്കാരനായ കെ എം ഷാജഹാന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയെ പഠിപ്പിക്കാന്‍ കെ എം ഷാജഹാന്‍ വരരുതെന്ന് ഹൈക്കോടതി പറഞ്ഞു. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം.

ആദ്യം പൊലീസിന് പരാതി നല്‍കുകയാണ് വേണ്ടത്. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഉന്നതാധികാരിയെ സമീപിക്കണം. അതിന് ശേഷം സ്വകാര്യ അന്യായവുമായി മജിസ്‌ട്രേറ്റിനെ സമീപിക്കണം. പരാതി മജിസ്ട്രേറ്റ് പൊലീസിന് കൈമാറണം. അതാണ് രാജ്യത്തെ നിയമമെന്നും ഷാജഹാനോട് ഹൈക്കോടതി പറഞ്ഞു.

കേസെടുക്കാനുള്ള ക്രിമിനല്‍ നടപടിക്രമം അഴിമതിക്കേസില്‍ ബാധകമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടെന്ന് കെഎം ഷാജഹാന്‍ ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി പറഞ്ഞു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് എങ്ങനെ അന്തിമമാകുമെന്നും ഹൈക്കോടതി ചോദിച്ചു. സിംഗിള്‍ ബെഞ്ചിന് മുകളില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചുണ്ട്. അതിന് മുകളില്‍ സുപ്രീംകോടതിയുണ്ട്. മാധ്യമങ്ങള്‍ നിങ്ങളെ പിന്തുണച്ചേക്കാം.പൊതുസമൂഹവും നിങ്ങളെ പിന്തുണച്ചേക്കാം. എന്നാല്‍ അത് ഹൈക്കോടതിക്ക് ബാധകമല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Content Highlights- The Kerala High Court criticised K M Shahjahan during proceedings related to the CMRL Exalogic financial transaction case. The court reportedly cautioned him against attempting to teach the court.

To advertise here,contact us