തിരുവനന്തപുരം: മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസില്‍ ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ എസ്ഐയുടെ മൊഴി. കേസ് അന്വേഷണത്തില്‍ അട്ടിമറി നടന്നുവെന്ന് കണ്ണൂര്‍ ടൗണ്‍ മുന്‍ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നല്‍കിയത്. അക്രമത്തിനിടെ മന്ത്രി തെറിച്ചു പോയെന്ന് അന്വേഷണ സംഘം തന്റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തിയെന്ന് ദീപ്തിയുടെ മൊഴിയിലുണ്ട്.
ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. ഇല്ലാത്ത മൊഴിയാണ് ആദ്യ അന്വേഷണത്തില്‍ രേഖപ്പെടുത്തിയതെന്നും പ്രത്യേക അന്വേഷണ സംഘത്തോട് ദീപ്തി പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.
നേരത്തെ സംഭവസമയം വീണാ ജോര്‍ജിനൊപ്പമുണ്ടായിരുന്ന ഗണ്‍മാനും മൊഴിമാറ്റി രംഗത്തെത്തിയിരുന്നു. ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടെന്നാണ് ഗണ്മാന് അഭിലാഷ് എസ്ഐടിക്ക് മൊഴി നല്‍കിയത്. വീണയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ല. വീണ നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയതെന്നും അഭിലാഷ് പറഞ്ഞിരുന്നു. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സംഭവത്തില്‍ ആദ്യം വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.
തെറ്റായി മൊഴി നല്കിയ ഗണ്‍മാനെതിരെ നടപടി വരാനാണ് സാധ്യത. വീണാ ജോര്‍ജിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കെഎസ്യു ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. പരാതിയില്‍ വീണാ ജോര്‍ജിനെതിരെ കേസെടുത്തേക്കുമെന്നും വിവരമുണ്ട്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിനാണ് കേസ് എടുക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമം നടക്കുന്നത്. ഗണ്മാന് അഭിലാഷിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്ന വിവരവും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ വര്‍ഷം ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പ് എടുത്തുമാറ്റി. മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആദ്യഘട്ടത്തില്‍ മൊഴിയായി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
Content Highlights: A woman Sub-Inspector has reportedly given a statement against the initial investigation team in the case involving the alleged attack on former minister Veena George during a KSU black-flag protest.