യൂത്ത് കോണ്‍ഗ്രസ് നേതാവിനും മെറ്റയുടെ വെട്ട്; സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്ത റീല്‍ നീക്കം ചെയ്തു

റീല്‍ പങ്കുവെച്ച് 17 മിനിറ്റ് കഴിഞ്ഞതിന് പിന്നാലെയാണ് പോസ്റ്റ് ഇന്ത്യയില്‍ കാണാത്ത നിലയില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്

കൊച്ചി: സിഎംആര്‍എല്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യൂത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ റീല്‍ നീക്കം ചെയ്ത് മെറ്റ. ഇന്‍സ്റ്റയിലും ഫേസ്ബുക്കിലുമിട്ട പോസ്റ്റാണ് നീക്കം ചെയ്തത്. കോതമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് എന്‍ ഡാനിയലിന്റെ പോസ്റ്റാണ് നീക്കിയത്. ഔദ്യോഗികമായ ഇടപെടല്‍ ഇല്ലാതെ റീല്‍ നീക്കം ചെയ്യപ്പെടാന്‍ സാധ്യതയില്ലെന്നാണ് എല്‍ദോസ് പറയുന്നത്.

പങ്കുവെച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം എന്ന് എല്‍ദോസ് വ്യക്തമാക്കി. റീല്‍ പങ്കുവെച്ച് 17 മിനിറ്റ് കഴിഞ്ഞതിന് പിന്നാലെയാണ് പോസ്റ്റ് ഇന്ത്യയില്‍ കാണാത്ത നിലയില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. 10 മണിക്കൂറിന് പിന്നാലെ ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്യപ്പെടുകയായിരുന്നു. ഭരകൂടത്തിനെതിരായി വിമര്‍ശനമുന്നയിക്കുമ്പോള്‍ അതിനോട് അസഹിഷ്ണുതയോടെ പെരുമാറുന്നത് ശരിയല്ല എന്നും എല്‍ദോസ് പറഞ്ഞു.

സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ കോടതിയിലടക്കം സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പ്രദേശിക നേതാക്കളും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നത്. 17 മിനിറ്റിനുള്ളില്‍ തന്നെ പോസ്റ്റ് നീക്കം ചെയ്യപ്പെടണമെങ്കില്‍ ഒരു മാസ് റിപ്പോര്‍ട്ടിങ്ങ് കൊണ്ട് മാത്രം അത് സാധ്യമല്ല എന്ന് വ്യക്തമാണ്. അതിന് എടുക്കുന്ന കാലതാമസം പരിഗണിച്ചാണ് ഔദ്യോഗിക നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായിരിക്കുന്നതെന്ന് ഉറപ്പിക്കാനാകുന്നത് എന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്ന നേതാവിന്റെ പോസ്റ്റ് തന്നെ നീക്കം ചെയ്യപ്പെട്ടതില്‍ വലിയ വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്.

Content Highlights: Meta has removed a reel posted on Instagram and Facebook by Eldhose N Daniel, a Youth Congress leader from Kothamangalam, criticising the government over the CMRL case. Eldhose said he believes the removal may not have happened without official intervention. However, the reason for the removal has not been independently established in the information provided.

To advertise here,contact us