ഒന്നും മറന്നിട്ടില്ല വിജയാ: കോൺഗ്രസിലെ തർക്കത്തിനിടെ ഉമ്മൻ ചാണ്ടിയുടെ ചിത്രം വെച്ച് കോട്ടയത്ത് ഫ്ലക്സ് യുദ്ധം

ഡിസിസി ഓഫീസിന് സമീപത്തും ഗാന്ധി സ്ക്വയറിലും പ്രസ് ക്ലബ്ബിനു മുന്നിലും ഫ്ലക്സ് ബോർഡുകൾ ഉണ്ട്

കോട്ടയം: ഒരു ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും ഫ്ലക്സ് യുദ്ധം. പിണറായി വിജയനെതിരായ ഇ ഡി കേസുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് കോട്ടയത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സിൽ 'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല' എന്നും 'ഒന്നും മറന്നിട്ടില്ല വിജയാ' എന്നും എഴുതിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി ഓഫീസിന് സമീപത്തും ഗാന്ധി സ്ക്വയറിലും പ്രസ് ക്ലബ്ബിനു മുന്നിലും ഫ്ലക്സ് ബോർഡുകൾ ഉണ്ട്.

സിഎംആർഎൽ വിഷയത്തിൽ പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡി കത്തുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടിൽ കോൺ​ഗ്രസിൽ തർക്കം മുഴങ്ങുകയാണ്. മാത്യു കുഴൽനാടൻ എംഎൽഎ പരസ്യവിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ കോൺ​ഗ്രസിലെ യുവനേതാക്കൾ സർക്കാർ നിലപാടിനെതിരെ രം​ഗത്ത് വന്നിരുന്നു. സമാനനിലപാടുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സുധാകരനും രം​ഗത്ത് വന്നിരുന്നു. സരിതയുടെ കയ്യിൽ നിന്ന് ഒരു തുണ്ട് കടലാസ് വാങ്ങി ബലാത്സംഗ കേസ് എടുത്ത് ഉമ്മൻ ചാണ്ടിയെ സിബിഐക്ക് മുന്നിൽ എറിഞ്ഞ് കൊടുത്ത ആളാണ് പിണറായി വിജയൻ എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ വിമർശനം. ഒരിളവും പിണറായിക്ക് നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സർക്കാർ നടപടിയിൽ നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎയും ആവശ്യപ്പെട്ടിരുന്നു. മാത്യു കുഴൽനാടൻ പറഞ്ഞത് താൻ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. അദ്ദേഹത്തെ ആർക്കും തെറ്റ് പറയാൻ കഴിയില്ല. കെ സുധാകരൻ പറഞ്ഞതും കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. ഉമ്മൻചാണ്ടിയെ വേട്ടയാടി എന്നതിൽ സംശയമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. അദ്ദേഹത്തെ വേട്ടയാടിയവർ ഇന്ന് മറുവശത്ത് നിൽക്കുകയാണ്. കള്ളക്കഥ ഉണ്ടാക്കിയാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത്. വെറും ഒരു പരാതി എഴുതി വാങ്ങി പ്രതികാര ബുദ്ധിയോടെയാണ് മുൻ സർക്കാർ ഉമ്മൻ ചാണ്ടിയോട് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആ രീതി എന്തായാലും കോൺഗ്രസ് സ്വീകരിക്കില്ല. കൃത്യമായ നിയമ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോയാൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും. തെറ്റ് ചെയ്യാത്തവർ ശിക്ഷിക്കപ്പെടാനും പാടില്ല. അതിന് സർക്കാർ സമയമെടുത്താലും പ്രശ്‌നമില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മൻചാണ്ടിക്ക് നീതി കിട്ടിയിട്ടില്ലെന്നായിരുന്നു വി ആർ അനൂപിൻ്റെ വിമർശനം. സർക്കാരിനെ വിമർശിക്കുന്നതിൽ കെപിസിസിയുടെ മീഡിയ പാനലിസ്റ്റുകൾക്ക് ഇപ്പോൾ വിലക്കുണ്ട്. ഉമ്മൻചാണ്ടി ഭരിച്ചപ്പോൾ അന്ന് മാധ്യമങ്ങളിൽ പാർട്ടി മുഖമായി വന്നവർ ഇത്തരം നിയന്ത്രണങ്ങൾ പാലിച്ചിരുന്നോ എന്ന ചോദ്യം നിലവിലുണ്ട്. പാർട്ടിക്ക് പുറത്തും പാർട്ടിക്ക് അകത്തും നീതി കിട്ടാതെ പോയ ഒരാളാണ് ഉമ്മൻചാണ്ടി എന്നും എല്ലാം ദൈവം കാണുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Amid internal disputes within the Congress in Kerala, a flex war featuring former Chief Minister Oommen Chandy's photograph has emerged in Kottayam

To advertise here,contact us