'സുധാകരനെ KPCC പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിച്ചത്, UDF കൺവീനറെ ഒറ്റപ്പെടുത്താൻ ശ്രമം'

മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ജനങ്ങൾക്ക് ഒരു സംശയം ഉണ്ടാകാൻ പാടില്ലെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ ലക്ഷ്യം വെച്ച് രൂക്ഷ വിമർശനവുമായി യുഡിഎഫ് അടൂ‍ർ പ്രകാശ്. കെ സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിച്ചത് പോലെ യുഡിഎഫ് കൺവീനറെയും ഇത് പോലെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം ഉണ്ടോയെന്ന് താനും സംശയിക്കുന്നുവെന്നാണ് അടൂർ പ്രകാശിൻ്റെ പ്രതികരണം. 'കൗമുദി ചാനലിന്' നൽകിയ അഭിമുഖത്തിലായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ തുറന്ന് പറച്ചിൽ. ഈ പോക്ക് കാണുമ്പോൾ യുഡിഎഫ് കൺവീനറെ ഒറ്റപ്പെടുത്താൻ ഒരു ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നു എന്നായിരുന്നു ചോദ്യത്തിന് ഉത്തരമായി അടൂർ പ്രകാശ് പറഞ്ഞത്. ഇതിൻ്റെ തുടർച്ചായായാണ് കെ സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിക്കുകയായിരുന്നെന്ന് അടൂർ പ്രകാശ് വെളിപ്പെടുത്തിയത്. 'കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് ആയിരുന്നു, അദ്ദേഹത്തെ ഒറ്റപ്പെടുത്തി അദ്ദേഹത്തെ ഒരു രീതിയിൽ കൊണ്ടുവന്ന് എത്തിച്ചാണ് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കുന്നത്. അത് ഇന്നയാൾ പുകച്ച് പുറത്ത് ചാടിച്ചു എന്ന് ഞാൻ പറയുന്നില്ല. സുധാകരനെപ്പോലെ ഒരാളെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് യഥാർത്ഥത്തിൽ പുകച്ച് ചാടിച്ചു' എന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. ഇതിന് പിന്നിൽ ഒരു ഉപജാപക സംഘം ഉണ്ടെന്നും അടൂർ പ്രകാശ് തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ജനങ്ങൾക്ക് ഒരു സംശയം ഉണ്ടാകാൻ പാടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. 'സംശയം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ജനങ്ങൾ ചോദിക്കുന്നു എങ്കിൽ ഞാൻ ഇന്ന ആവശ്യത്തിനായി ഇന്ന ആളിനൊപ്പം പോയതാണ് എന്ന പറയാനുള്ള ഒരു ചങ്കൂറ്റം കാണിക്കണം എന്ന അഭിപ്രായമാണ് വ്യക്തിപരമായി എനിക്കുള്ളതെന്നാ'യിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. ഡൽഹിയിലെ സംസ്ഥാനത്തിൻ്റെ പ്രതിനിധിയെയും ഭരണപരിഷ്കാര കമ്മീഷൻ്റെ ചെയർമാനെയും നിയമിച്ച ക്യാബിനറ്റ് തീരുമാനം എടുത്ത ദിവസം ഓരേ വേദിയിൽ ഒരുമിച്ച് ഉണ്ടായിട്ടും വി ഡി സതീശൻ ആ വിവരം പറഞ്ഞില്ലെന്നും അടൂർ പ്രകാശ് വെളിപ്പെടുത്തി. പിറ്റേന്ന് പത്രവാർത്തകളിലൂടെയാണ് ഈ വിവരം അറിഞ്ഞത്. അതുകൊണ്ടാണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സത്യം പറഞ്ഞതെന്നാണ് അടൂർ പ്രകാശിൻ്റെ വെളിപ്പെടുത്തൽ. വിവാദ വാർത്താ സമ്മേളനം ഉണ്ടായതിൻ്റെ തൊട്ട് തലേന്ന് മസ്ക്കറ്റ് ഹോട്ടലിലാണ് താനും മുഖ്യമന്ത്രിയും അഭ്യന്തര മന്ത്രിയും മറ്റുമന്ത്രിമാരും പങ്കെടുത്ത ജയ് ഹിന്ദ് ടിവിയുടെ ഒരു പരിപാടി നടന്നിരുന്നു എന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്. അന്നത്തെ ക്യാബിനറ്റ് തീരുമാനമാണ് പിറ്റേ ദിവസത്തെ പത്രത്തിലൂടെ ഞാൻ വായിക്കുന്നത്. എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തണം എന്ന് ഞാൻ പറയുന്നില്ല. ഒരു ​ഗവൺമെൻ്റ് എന്ന നിലയിൽ ക്യാബിനറ്റ് എടുക്കുന്ന എല്ലാ തീരുമാനവും യുഡിഎഫ് കൺവീനർ എന്ന നിലയിൽ അറിയണമെന്ന് ഞാൻ പറയില്ല. പക്ഷെ എന്തൊക്കെ കാര്യങ്ങൾ അറിയിക്കണം എന്തൊക്കെെ അറിയിച്ച് കൂട എന്നത് സംബന്ധിച്ച് ഒരു സാമാന്യബോധം എന്നെ സംബന്ധിച്ച് ഉള്ളതിനാലാണ് മാധ്യമ സുഹൃത്തുക്കൾ ചോദിച്ചപ്പോൾ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് എന്നായിരുന്നു അടൂർ പ്രകാശ് പറഞ്ഞത്.

പരാതി ഉന്നയിച്ചതിന് ശേഷവും നാളിതുവരെ യുഡിഎഫ് യോ​ഗം വിളിക്കുന്നതിനെക്കുറിച്ച് ഒരു ചർച്ച ഉണ്ടായിട്ടില്ലെന്നും അടൂർ പ്രകാശ് വെളിപ്പെടുത്തി. മുഖ്യമന്ത്രിയാണ് ചെയർമാൻ. ചെയർമാൻ എന്ന നിലയിൽ അദ്ദേഹം പറയുന്നത് അനുസരിച്ചാണ് സാധാരണ​ഗതിയിൽ യോ​ഗം വിളിക്കാറുള്ളത്. യോ​ഗം വിളിക്കുന്നതിനെക്കുറിച്ച് യാതൊന്നും പറ‍ഞ്ഞിട്ടില്ല എന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. വി ഡി സതീശനുമായി തൻ്റെ അറിവിൽ സ്വരച്ചേർച്ച ഇല്ലായ്മ ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന് അങ്ങനെ തോന്നാൽ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. വി ഡി സതീശൻ്റെ അറിവോടെയാണോ തന്നെ യുഡിഎഫ് കൺവീനറായി വെച്ചത് എന്നതിൽ തനിക്ക് സംയമുണ്ടെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ഇതൊക്കെ കാണുമ്പോൾ സ്വഭാവികമായും ഒരു സംശയം തോന്നാം. അതു കൊണ്ടാണോ അദ്ദേഹം ഇങ്ങനെ പെരുമാറുന്നത് എന്നതിൽ സ്വഭാവികമായ ഒരു സംശയം ഉണ്ടാകാം എന്നായിരുന്നു അടൂർ പ്രകാശ് പ്രതികരിച്ചത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. കേരളത്തിൽ വന്ന ചുമതലയുള്ള എഐസിസി പ്രതിനിധി ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചിരുന്നെന്നും തൻ്റെ അഭിപ്രായം പറഞ്ഞിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. രഹസ്യ സ്വഭാവത്തിൽ നടക്കുന്ന കാര്യം പരസ്യമാക്കില്ല എന്നാണ് ആരായിരുന്നു മുഖ്യമന്ത്രി ചോയ്സ് എന്ന ചോദ്യത്തിനുള്ള അടൂർ പ്രകാശിൻ്റെ മറുപടി.

യുഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നില്ല തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന വിഷയവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെയ്ക്ക് പരാതി നൽകിയെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. കൊടുത്ത പരാതി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ വായിച്ച് നോക്കിയെന്നും അതിന്മൽ റിപ്പോർട്ട് ഉണ്ടാക്കാൻ ചുമതലപ്പെട്ട ആളുകൾക്ക് കൈമാറിയിട്ടുണ്ടെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ദൽഹിയിലെ സമരവുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും രാഹുൽ ​ഗാന്ധിയെ കാണാറുണ്ടെന്നും എന്നാൽ കേരളത്തിലെ വിഷയം പറയേണ്ട സമയമല്ല ഇതെന്ന തോന്നൽ ഉള്ളതിനാൽ ആ വിഷയം രാ​ഹുൽ ​ഗാന്ധിയോട് പറഞ്ഞിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. എന്നാൽ മല്ലികാർജുൻ ഖർ​ഗെയ്ക്ക് നൽകിയ പരാതിയുടെ കോപ്പി രാ​ഹുൽ ​ഗാന്ധിക്ക് കൊടുത്തിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. കെ സി വേണു​ഗോപാലുമായി ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. അങ്ങനെ ഒരു ആക്ഷേപം മൊത്തത്തിൽ നടക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ അത്തരമൊരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കേരളത്തിൽ നിന്നാണ് അദ്ദേഹം ഈ കാര്യങ്ങൾ മനസ്സിലാക്കിട്ടുണ്ട് എന്നാണ് ഞാനും കാണുന്നത്. അതിനേക്കാൾ ഉപരിയായി മറ്റ് കാര്യങ്ങളൊന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല എന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം.

മുഖ്യമന്ത്രിക്കെതിരായ വാർത്താസമ്മേളനത്തിലെ പ്രതികരണങ്ങൾ അനവസരത്തിലായിപ്പോയി എന്ന വിമർശനത്തോടും അടൂർ പ്രകാശ് പ്രതികരിച്ചു. ഞാൻ ഇരിക്കുന്ന കസേരയിൽ വന്നിരുന്ന് അവർക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടാകുമ്പോൾ മാത്രമാണ് പ്രകതികരിക്കുന്നവർ ആണെങ്കിൽ ആണെങ്കിൽ അവർ പ്രതികരിക്കുമോ എന്ന് മനസ്സിലാക്കാൻ സാധിക്കുക എന്നായിരുന്നു അടൂർ പ്രകാശിൻ്റെ മറുപടി. പാർട്ടിക്കുള്ളിൽ പറയാൻ അവസരമില്ല, പാർട്ടി കമ്മിറ്റികൾ കൂടുന്നില്ല എന്നായിരുന്നു പാർട്ടിക്കുള്ളിലല്ലേ പറയേണ്ടിയിരുന്നത് എന്ന ചോദ്യത്തിനുള്ള അടൂർ പ്രകാശിൻ്റെ മറുപടി. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കത്ത് മുഖേന യുഡിഎഫ് കൺവീനർ ശങ്കരനാരായണനെ തീരുമാനങ്ങൾ അറിയിച്ച് അദ്ദേഹ​ത്തെക്കൊണ്ട് പ്രഖ്യാപിച്ചിരുന്നു എന്നത് പോലെ ഒരു രീതി ഇപ്പോൾ ഇല്ലേയെന്ന ചോദ്യത്തിന് അത്തരമൊരു രീതി ഇല്ലായെന്ന മറുപടിയായിരുന്നു അടൂർ പ്രകാശ് നൽകിയത്.

യഥാർത്ഥത്തിൽ യുഡിഎഫിൽ ചർച്ചകൾ നടക്കുന്നില്ലെന്ന വിവരം പറയാൻ വേണ്ടിയല്ല വാർത്താ സമ്മേളനം നടത്തിയതെന്ന് അടൂർ പ്രകാശ് പറഞ്ഞു. അന്ന് പത്രസമ്മേളനം നടത്തിയ കാര്യങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാകും. സർക്കാരിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ വിമർശിച്ചാണ് വാർത്താ സമ്മേളനം നടത്തയത്. അതിന് വേണ്ടിയായിരുന്നു വാർത്താ സമ്മേളനം വിളിച്ചത്. ഡൽ​ഹിയിൽ ഒരുമിച്ച് നിന്ന് സമരം നടത്തുക ഇവിടെ നേരെ തിരിച്ച് സമരം നടത്തുന്നു. ഇവിടെ സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഒരു കൂട്ടുകെട്ടിൻ്റെ ഭാ​ഗമായാണ് ഈ സമരം നടത്തുന്ന എന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പിന്നീടുണ്ടായ ചോദ്യങ്ങൾക്ക് ഉള്ള കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. അന്നത്തെ പത്രം വായിച്ചാണ് ചില തീരുമാനങ്ങൾ എടുത്തതിനെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്. ഇത്തരം തീരുമാനങ്ങൾ എടുത്തോ എന്ന് ചോദിച്ചപ്പോൾ ഞാനറിഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. ഡൽഹിയിലെ കേരളത്തിൻ്റെ പ്രതിനിധിയോ ഭരണപരിഷ്കാര കമ്മീഷൻ്റെ അധ്യക്ഷനോ ആയി അവർ രണ്ട് പേരും വരുന്നതിൽ എതിർപ്പില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അനർഹരാണ് എന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഒരു കൂട്ടായ ആലോചന ഉണ്ടായിരുന്നെങ്കിൽ അത് നന്നായിരുന്നു എന്ന അഭിപ്രായമാണ് പറഞ്ഞത്. എൻ്റെ സ്വഭാവം അനുസരിച്ച് ഉള്ള കാര്യങ്ങൾ തുറന്ന് പറയുന്ന ആളാണ്. എനിക്ക് ആരുടെയും മുഖം നോക്കി വർത്തമാനം പറയേണ്ട ആവശ്യമില്ല. തെറ്റ് കാണിച്ചാൽ തെറ്റാണ് എന്ന് പറയാനുള്ള ചങ്കൂറ്റം ഉണ്ട് എന്നുള്ളത് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ മാധ്യമ സുഹൃത്തുക്കൾ ചോദിച്ചപ്പോൾ അവരോട് മറുപടിയായി പറഞ്ഞത് എന്നായിരുന്നു അടൂർ പ്രകാശ് പ്രതികരിച്ചത്.

Content Highlights: Adoor Prakash alleges that K. Sudhakaran was forced out of the KPCC president's post and claims that attempts are being made to isolate the UDF convenor

To advertise here,contact us