സര്‍ക്കാര്‍ നീക്കം സ്വകാര്യവൽക്കരണത്തിന്; കിഫ്ബി വേണ്ടെന്ന് വെയ്ക്കുന്നത് വികസനത്തെ ബാധിക്കും: എം വി ഗോവിന്ദൻ

കിഫ്ബി പദ്ധതികള്‍ എങ്ങനെ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലും ആവശ്യപ്പെട്ടു

തിരുവനന്തപുരം: കിഫ്ബിക്ക് കടിഞ്ഞാണിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം ശക്തമാക്കി പ്രതിപക്ഷം. കിഫ്ബി പദ്ധതി വേണ്ടെന്ന് വക്കുന്നത് കേരളത്തിന്റെ വികസനത്തെ ബാധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം യുഡിഎഫിന് പ്രശ്‌നമുള്ള വിഷയമല്ലെന്നും എല്ലാം സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമമെന്നും എം വി ഗോവിന്ദന്‍ റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ ആരോപിച്ചു..

'കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏകദേശം ഒരുലക്ഷം കോടി പ്രൊജക്ടുകളാണ് കിഫ്ബിയുടെ ഭാഗമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയത്. അത് മുഴുവന്‍ വേണ്ടെന്ന് വെയ്ക്കുന്നത് വികസനത്തെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്‌നം ആയിരിക്കും. സ്വകാര്യവല്‍ക്കണമാണ് യുഡിഎഫ് ചെയ്യുന്നത്. സര്‍ക്കാര്‍ മാറിയതുകൊണ്ട് വികസന പ്രക്രിയക്ക് ഉതകുന്ന കാര്യങ്ങള്‍ അവസാനിപ്പിക്കുന്നത് ശരിയായ നിലപാട് ആയിരിക്കില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു.

കിഫ്ബി പദ്ധതികള്‍ എങ്ങനെ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലും ആവശ്യപ്പെട്ടു. കിഫ്ബി എന്തോ വലിയ അപകടകരമാണെന്നും നിര്‍ത്താന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഡി സതീശന്‍ മുന്‍കാലത്ത് പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ആയി പുറത്ത് വന്നാല്‍ ആരും വിശ്വസിക്കില്ല എന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യതയാണെന്നും ഈ രീതിയില്‍ പ്രവര്‍ത്തനം തുടരേണ്ടതില്ലെന്നുമാണ് സുധാപ്പിള്ള അധ്യക്ഷയായ സമിതി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. സമഗ്ര അഴിച്ചുപണി നിര്‍ദേശിക്കുന്നതാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കിഫ്ബി സര്‍ക്കാരിന് കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ഇത്രയും നാള്‍ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചു. 99.4 ശതമാനം വരുമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടി ഉപയോഗിച്ചു. 25932.55 കോടിരൂപ കടമെടുപ്പ് പരിധിയില്‍ കുറയ്ക്കാന്‍ കിഫ്ബി കാരണമായെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Opposition parties have intensified their criticism of the Kerala government's decision to impose restrictions on the Kerala Infrastructure Investment Fund Board (KIIFB).

To advertise here,contact us