ഇ ഡിയുടെ കേസുകളൊന്നും എവിടേയും എത്താൻ പോകുന്നില്ല, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ തടയാനാണ് കേസ്: പ്രബീർ പുരകായസ്ത

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികത നശിപ്പിക്കല്‍ മാത്രമാണ് ഇ ഡിയുടെ ലക്ഷ്യമെന്നും പ്രബീർ പുരകായസ്ത

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതികരണവുമായി മാധ്യമ പ്രവർത്തകനായ പ്രബീര്‍ പുരകായസ്ത. ഇ ഡി എടുക്കുന്ന കേസുകളൊന്നും എവിടേയും എത്താന്‍ പോകുന്നില്ലെന്ന് പറഞ്ഞാണ് പ്രബീര്‍ പുരകായസ്ത പ്രതികരിച്ചത്. നമ്മള്‍ ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ തടയാന്‍ ആണ് കേസുകള്‍ എടുക്കുന്നത്. അപ്പോള്‍ നമ്മള്‍ സ്വയം പ്രതിരോധിക്കുന്നതിലേക്ക് പോകും. നമ്മുടെ കൂടെയുള്ളവരും സമ്മര്‍ദത്തില്‍ ആകും, അതിനുവേണ്ടിയാണ് കേസുകള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടക്കെതിരെ സിപിഐഎം നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു പ്രബീർ പുരകായസ്ത.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികത നശിപ്പിക്കല്‍ മാത്രമാണ് ഇ ഡിയുടെ ലക്ഷ്യം. ബിജെപി സര്‍ക്കാരിന് വേണ്ടിയുള്ള രാഷ്ട്രീയ നിര്‍മ്മിതിയാണ് അന്വേഷണ ഏജന്‍സികളുടെ ദൗത്യം. കേസുകള്‍ സംബന്ധിച്ച ഏകപക്ഷീയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ പുറത്ത് വിടുന്നതും ഇവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിൻ്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുരകായസ്തയ്ക്ക് എതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ​ഗുരുതര കുറ്റങ്ങൾ ചമുത്തി കേസെടുത്തിരുന്നു. ചൈനീസ് അനുകൂല പ്രചാരണം നടത്താൻ വിദേശ ഫണ്ട് സ്വീകരിച്ചു എന്നാരോപിച്ച് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ചുമത്തിയ യുഎപിഎ കേസും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമാണ് പ്രബീർ പുരകായസ്തയ്ക്ക് എതിരെ ഉണ്ടായിരുന്നത്. എന്നാൽ 2024 മെയ് മാസത്തിൽ സുപ്രീം കോടതി പ്രബീർ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ജയിലിൽ നിന്ന് വിട്ടയയ്ക്കാൻ ഉത്തരവിടുകയുമായിരുന്നു. 2026 ജൂണിൽ ഡൽഹി ഹൈക്കോടതി ന്യൂസ് ക്ലിക്കിനും പ്രബീർ പുരകായസ്തയ്ക്കും എതിരായ ഇ ഡി കേസ് പൂർണ്ണമായി റദ്ദാക്കിയിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ചതിൽ ന്യൂസ് ക്ലിക്ക് യാതൊരുവിധ നിയമലംഘനവും നടത്തിയിട്ടില്ലെന്നും ഇ ഡിയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. കേസിൽ ഇ ഡിക്ക് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിക്കുകായാണ് വിജിലന്‍സ്. രണ്ട് എസ്‌ഐടി സംഘങ്ങളെയാണ് രൂപീകരിച്ചത്. പിണറായി വിജയന്‍ പ്രതിയായ കേസ് എസ്പി ഇ എല്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുക. പി എ മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണം എസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും നടക്കുക. വിജിലന്‍സിന്റെ പ്രത്യേക വിഭാഗമാണ് ആദ്യത്തെ കേസ് അന്വേഷിക്കുന്നത്. രണ്ടാമത്തെ കേസ് അന്വേഷിക്കുന്നത് കോഴിക്കോട് പ്രത്യേക വിജിലന്‍സ് സെല്ലുമാകും. വിജിലന്‍സ് ഐജിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം നടത്തുക.

Content Highlights: Prabir Purkayastha claimed that ED cases would not lead anywhere and alleged that such cases were intended to obstruct political activities.

To advertise here,contact us