'അസ്ലമിനെതിരെ തെളിവുകളുണ്ട്'; ആരോപണം തള്ളി പെണ്‍കുട്ടിയുടെ കുടുംബം

കൃത്യമായി പരാതികള്‍ നല്‍കിയിരുന്നെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞത്

തൃശൂര്‍: മകനെ കള്ളക്കേസില്‍ കുടുക്കി എന്ന പുഴുപ്പറമ്പ് സ്വദേശി നൗഷാദ് ഉന്നയിച്ച ആരോപണം തള്ളി ഇരയായ പെണ്‍കുട്ടിയുടെ കുടുംബം. അസ്ലം തെറ്റ് ചെയ്തതിന്റെ തെളിവുകള്‍ ഉണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അസ്ലമിനെതിരെ എടുത്തത് കള്ളക്കേസ് അല്ല. 20 പവനും 50,000 രൂപയുമാണ് തട്ടിയെടുത്തത്. കൃത്യമായി പരാതികള്‍ നല്‍കിയിരുന്നെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലെ ആക്രമണങ്ങളെ വകവയ്ക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. തന്റെ മകന്‍ അസ്‌ലം ആത്മഹത്യ ചെയ്യാന്‍ കാരണം കൊടുങ്ങല്ലൂര്‍ പൊലീസ് എടുത്ത കള്ളക്കേസ് ആണെന്ന് പിതാവ് നൗഷാദ് ആരോപണം ഉന്നയിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹോദരി പങ്കുവെച്ച വിഡിയോ സന്ദേശത്തിലാണ് നൗഷാദ് ഉന്നയിച്ച ആരോപണം തള്ളിയത്. തനിക്ക് നേരെയും ഭീഷണി ഉണ്ടായതായി ഇവര്‍ ആരോപിക്കുന്നുണ്ട്.

ഇന്നലെയാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊടുങ്ങല്ലൂര്‍ സ്വദേശി നൗഷാദ് രംഗത്തെത്തിയത്. രണ്ട് മക്കളെ ഇല്ലാത്ത കേസില്‍ കുടുക്കി കൊടുങ്ങല്ലൂര്‍ പൊലീസ് പീഡിപ്പിച്ചെന്നും ഇതിന്റെ മനോവിഷമത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത ഇളയമകന്‍ ജീവനൊടുക്കിയതെന്നുമായിരുന്നു നൗഷാദ് ഫേസ്ബുക്കിലൂടെ ആരോപിച്ചത്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ സി ഐ ബൈജു, എസ് ഐ അതുല്‍ മോഹന്‍ എന്നിവര്‍ക്കെതിരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെതിരെയും ഗുരുതര ആരോപണങ്ങളാണ് നൗഷാദ് ഫേസ്ബുക്കില്‍ ഉന്നയിച്ചത്. പൊലീസ് മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇതു കണ്ട മൂത്തമകന്‍ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു എന്നും പിതാവ് നൗഷാദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. തനിക്ക് വേണ്ടി സഹോദരന്‍ ജയിലില്‍ പോയതിലെ വിഷമത്തെ തുടര്‍ന്നാണ് അസ്ലം ജീവനൊടുക്കിയതെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കുടുംബത്തിന്റെ ആരോപണം തള്ളുകയാണ് പൊലീസ് ചെയ്തത്. അസ്ലമും സഹോദരന്‍ സഹലും ചേര്‍ന്ന് കുറ്റം ചെയ്തതിന്റെ തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. തട്ടിയെടുത്ത പണം കൊണ്ട് വാങ്ങിയ ഇന്നോവ കാര്‍ പിടിച്ചെടുത്തെന്നും അന്യായ കസ്റ്റഡി ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു.

Content Highlights: The girl’s family has rejected Puzhupparamb resident Naushad’s claim that his son Aslam was framed in a false case. The family alleges that evidence exists against Aslam and claims that 20 sovereigns of gold and Rs 50,000 were taken through intimidation. They say complaints were filed properly and that they will pursue the matter legally, while also alleging that they have faced threats.

To advertise here,contact us