തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ പിണറായി വിജയന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് എഫ്ഐആര്‍. പിണറായി വിജയന്, ടി വീണ, ശശിധരന് കര്‍ത്ത എന്നിവര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരാമര്‍ശം. വ്യക്തിതാല്പര്യങ്ങള്ക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്ഐആറിലുണ്ട്. വിജിലന്‍സ് എഫ്ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഒന്നാം പ്രതിയായ പിണറായി വിജയനും രണ്ടാം പ്രതിയായ ടി വീണയും സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരാമര്‍ശം. സേവനങ്ങൾ നൽകാതെ വീണ ടിയുടെ കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതിനായി പിണറായി വിജയന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നുമാണ് ആരോപണം. പിണറായി വിജയന്, വീണ ടി, എക്സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ശശിധരന് കര്‍ത്ത, പി സുരേഷ് കുമാര്‍, സിഎംആര്‍എല്‍, എംപവേര്‍ഡ് ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദ്യകേസില്‍ പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്‍. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസ്. ഇതില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍, പ്രാഥമിക അന്വേഷണം വേണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്താമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരിവിട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഡിജിപി ഇറക്കിയ ഉത്തരവും കോടതി റദ്ദാക്കിയിരുന്നു.
Content Highlights: The Vigilance FIR alleges that Pinarayi Vijayan was involved in a criminal conspiracy in connection with the CMRL-Exalogic financial transaction