കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്കിയ അപ്പീലില്‍ പിണറായി വിജയന്റെയും ടി വീണയുടെയും വാദങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസില്‍ കക്ഷി ചേര്‍ക്കുകയോ വാദം കേള്‍ക്കുകയോ ചെയ്തില്ലെന്നും ത്റെ ഭാഗം കേള്‍ക്കാതെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതെന്നും ഹർജിയിൽ പറയുന്നു.
ഇത് സ്വാഭാവിക നീതിയുടെ കടുത്ത ലംഘനമാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ വിവരങ്ങള്‍ മുദ്രവെച്ച കവറിലാണ് കോടതിക്ക് കൈമാറിയതെന്നും അത് തനിക്ക് ലഭ്യമാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 അല്ലെങ്കില്‍ 13 പ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കില്ല. കുറ്റകൃത്യം നിലനില്ക്കണമെങ്കില് കൈക്കൂലി ആവശ്യപ്പെട്ടുവെന്നതും കൈക്കൂലി സ്വീകരിച്ചതും തെളിയിക്കപ്പെടണം. സിഎംആര്‍എല്‍ നല്കിയ തുക സ്വകാര്യ കണ്‍സള്‍ട്ടന്റ് ആയ വീണ ടിയ്ക്കും അവരുടെ കമ്പനിയായ എക്സാലോജിക്കിനുമാണ് നല്‍കിയത്. പിണറായി വിജയന് ആരില്‍ നിന്നും പണം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തതായി വിവരങ്ങളിലില്ല.
മുഖ്യമന്ത്രിയെന്ന നിലയില്‍ സിഎംആര്‍എല്ലിന് അനുകൂലമായി എന്തെങ്കിലും തീരുമാനങ്ങളോ ഉത്തരവുകളോ ഫയല്‍ നീക്കങ്ങളോ നടത്തിയതായി ഇ ഡി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സാമ്പത്തിക ഇടപാടുകളുമായി പിണറായി വിജയനെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും കുറ്റകരമായ ഉദ്ദേശവും ഇല്ല. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പനുസരിച്ച് ഔദ്യോഗിക പദവിയിലുള്ള തീരുമാനങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. സിംഗിള്‍ ബെഞ്ച് ഈ നിയമപരമായ വ്യവസ്ഥ പരിഗണിച്ചില്ല എന്നും അപ്പീലില്‍ വാദം ഉയര്‍ത്തുന്നു.
സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനവും അന്വേഷണവും ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. അഴിമതി ആരോപണങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമികാന്വേഷണം നടത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ട്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനമെടുക്കാനാവും. ഇഡി കത്ത് നല്‍കിയത് കൊണ്ട് മാത്രം നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
2017 - 2020 കാലഘട്ടത്തിലെ ആരോപണങ്ങളിലാണ് ഇ ഡി വിവരങ്ങള്‍ കൈമാറിയത്. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രാഥമികാന്വേഷണത്തിന് നിര്‍ദ്ദേശം നല്കിയ സര്‍ക്കാര്‍ നടപടി നിയമപരമാണ്. ഈ അന്വേഷണ ഉത്തരവ് റദ്ദാക്കി നേരിട്ട് എഫ്ഐആര്‍ ഇടാന്‍ നിര്‍ദ്ദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ നടപടി തെറ്റാണെന്നുമാണ് പിണറായി വിജയന്റെയും ടി വീണയുടെയും വാദം.
പിഎംഎല്‍എ നിയമത്തിലെ 66 (2) വകുപ്പ് പ്രകാരം ഇ ഡി കൈമാറുന്ന വിവരങ്ങള്‍ ലഭിക്കുന്ന സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും വാദത്തിൽ ആവശ്യപ്പെടുന്നു.
ഇ ഡി നല്കിയ വിവരങ്ങളില്‍ നിന്ന് നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടോ എന്ന് സ്വന്തം നിലയില്‍ പരിശോധിക്കണം. ഇതിന് ശേഷം മാത്രമേ തുടര്‍ നടപടിയെടുക്കാവൂ. നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദ്ദേശമല്ല ഇ ഡി നല്കിയ കത്ത് എന്നുമാണ് പിണറായി വിജയന്റെ വാദം.
എസ്എഫ്ഐഒ നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷം നല്കിയ പരാതിയിലും പിണറായി വിജയനെതിരെ കണ്ടെത്തലുകളും കുറ്റപത്രവും ഉണ്ടായിരുന്നില്ല. സിഎംആര്‍എല്‍ ജീവനക്കാരുടെ പേരില്‍ ഇ ഡി ആശ്രയിച്ച മൊഴികള്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തി രേഖപ്പെടുത്തിയതാണ്. ഈ മൊഴികള്‍ സത്യവാങ്മൂലം വഴി പിന്‍വലിച്ചിട്ടുണ്ട് എന്നും പിണറായി വിജയനും വീണ ടിയും അപ്പീലില്‍ പറയുന്നു.
സമാന ആരോപണങ്ങള്‍ ഉയര്‍ത്തി മാത്യു കുഴല്നാടന് എംഎല്‍എ വിജിലന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. ഹൈക്കോടതിയില്‍ നല്കിയ റിവിഷന്‍ ഹര്‍ജിയും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയും നേരത്തെ തള്ളിയതാണെന്നും അപ്പീലില്‍ വാദമുണ്ട്.
അഭിഭാഷകനായ കെ എം ഷാജഹാന് നല്‍കിയത് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയാണ്. ഹൈക്കോടതിയുടെ പരിഗണനാക്രമം അനുസരിച്ച് പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചാണ്. പരിഗണനാ പരിധിക്ക് പുറത്തുനിന്ന് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി അസാധുവാണെന്നും അപ്പീലിൽ പറയുന്നു.
ഹര്‍ജിക്കാരനായ കെ എം ഷാജഹാന് വ്യക്തിപരമായ അവകാശലംഘനങ്ങളോ നേരിട്ടുള്ള പങ്കോ ഇല്ല. ഈ സാഹചര്യത്തില്‍ ഹര്‍ജി നല്കാന് കെഎം ഷാജഹാന് അവകാശമില്ല. രാഷ്ട്രീയ പ്രേരിതമായാണ് കെ എം ഷാജഹാന് ഹര്‍ജി നല്‍കിയതെന്നും പിറണായി വിജയനും വീണ ടിയും പറയുന്നു. കെ എം ഷാജഹാന് പരാതി നല്കി 48 മണിക്കൂറിനകവും സര്‍ക്കാര്‍ പ്രത്യേക സംഘത്തെ പ്രാഥമികാന്വേഷണത്തിനായി രൂപീകരിച്ച് 24 മണിക്കൂറിനകവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടിക്രമത്തിലെ 175(3) വകുപ്പനുസരിച്ച് മറ്റ് നിയമവഴികള്‍ ഹര്ജിക്കാരന് തേടിയില്ല എന്നുമാണ് പിണറായി വിജയനും വീണ ടിയും നല്കിയ അപ്പീലിലെ വാദം.
Content Highlights: CMRL Exalogic Case Pinarayi Vijayan and T Veena Arguments in Kerala High Court Appeal