സംസ്ഥാന സ്‌കൂള്‍ കായികമേള സംഘാടനം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍

മാറ്റിവെച്ച നീന്തല്‍ മത്സരങ്ങള്‍ വിജയദശമിക്ക് ശേഷം സംഘടിപ്പിക്കും

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേള സംഘാടനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തല്‍. സംഘാടക സമിതി രൂപീകരിക്കുന്നതിലും യോഗം ചേരുന്നതിലും വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

മാറ്റിവെച്ച നീന്തല്‍ മത്സരങ്ങള്‍ വിജയദശമിക്ക് ശേഷം സംഘടിപ്പിക്കും. വേദിയില്‍ മാറ്റമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കായികമേളയുടെ അവലോകന യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനം. സ്‌കൂള്‍ കലോത്സവം അടക്കമുള്ള മേളകള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണമെന്ന കര്‍ശന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

സംസ്ഥാന സ്‌കൂള്‍ കായികമേള നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്ന് കണ്ടെത്തിയിരുന്നു. സംഘാടകസമിതി യോഗം ഒരുതവണ പോലും നടന്നില്ലെന്നതാണ് ഞെട്ടിക്കുന്ന വിവരം. തൃശ്ശൂര്‍ എംഎല്‍എ ചെയര്‍മാനായ സംഘാടക സമിതിയുടെ പ്രവര്‍ത്തനം പേപ്പറില്‍ മാത്രം ഒതുങ്ങുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക തിരക്കിലായിരുന്നെന്നാണ് ന്യായീകരണം.

സംഘാടക സമിതി ചെയര്‍മാനായ എംഎല്‍എ രാജന്‍ ജെ പല്ലനും സമിതി അംഗമായ മേയര്‍ക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ്. കാര്യങ്ങള്‍ വൈകി അറിയിച്ചതില്‍ തൃശ്ശൂര്‍ എംപിയുടെ ഓഫീസും അതൃപ്തി അറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. അധ്യാപക സംഘടനാ പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികള്‍ രൂപീകരിക്കുക മാത്രമാണ് ചെയ്തത്. ഡിഇഒ അടക്കം ഈ വിഷയം ഗൗരവമായി കണ്ടില്ലെന്നതും വലിയ വീഴ്ചയാണ്. അടിസ്ഥാന സൗകര്യത്തിലെ പോരായ്മകള്‍ ആദ്യദിനം മുതല്‍ തന്നെ പുറത്തുവന്നിരുന്നതാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം വലിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

Content Highlights: preliminary finding has pointed to lapses by officials in organising the state school sports meet

To advertise here,contact us