സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ

സഹകരണബാങ്ക് ചരിത്രത്തത്തില്‍ തന്നെ ഏറ്റവും വലിയ റെയ്ഡാണ് നടക്കുന്നതെന്നാണ് വിലയിരുത്തല്‍

തൃശൂര്‍: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇഡി റെയ്ഡ്. പിഎംഎല്‍എ പ്രകാരമെടുത്ത കേസിലാണ് ഇഡിയുടെ പരിശോധന. തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അങ്കമാലി സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് എറണാകുളത്ത് റെയ്ഡ് നടക്കുന്നത്. പ്രതി ഷിജുവിന്റെ വീട്ടില്‍ അടക്കം റെയ്ഡ് നടക്കുന്നുണ്ട്. തൃശൂരില്‍ സഹകരണബാങ്ക് കേസില്‍ അഞ്ച് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ ഏഴ് ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. റെയ്ഡിൽ നിന്ന് പിടിച്ചെടുക്കുന്ന രേഖകള്‍ അടക്കം മുന്‍നിര്‍ത്തിയാകും ചോദ്യം ചെയ്യലിലേക്ക് കടക്കുക. പൊലീസ് വിവിധ ഇടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പിന്നീട് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.

കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രധാന ശാഖകളില്‍ റെയ്ഡ് നടന്നു വരികയാണ്. അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിലാണ് റെയ്ഡ്. ഒല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് ഇവിടെ റെയ്ഡ് നടക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള ഒട്ടേറെ പേര്‍ക്ക് അംഗത്വം നല്‍കി വായ്പ അനുവദിച്ചു. ചെറിയ ഈടിന്മേല്‍ അനുവദനീയമായതില്‍ ഇരട്ടി വായ്പ നല്‍കി. ഒരേ വസ്തു തന്നെ ഈടായി വെച്ച് അഞ്ചില്‍ അധികം വായ്പകള്‍ അനുവദിച്ചു തുടങ്ങിവയാണ് സിപിഐഎം ഭരണസമിതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. നിരവധി പരാതികള്‍ പൊലീസിന് മുന്നില്‍ വന്നിരുന്നു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 32 കോടിയുടെ തട്ടിപ്പ് ബാങ്കില്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2020 - 21 സാമ്പത്തിക വര്‍ഷം മാത്രം ബാങ്കിന് 10 കോടിയിസധികം നഷ്ടമുണ്ടെന്നായിരുന്നു കണ്ടെത്തിയിരുന്നത്. കരുവന്നൂരിന് പിന്നാലെ കുട്ടനല്ലൂരില്‍ കൂടി ഇഡി പിടിമുറുക്കുന്നത് തൃശൂർ സിപിഐമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതിയായ അക്കൗണ്ടന്റ് ഷിജുവിന്റെ വീടാണ് റെയ്ഡ് നടക്കുന്നന്ന സ്ഥലങ്ങളിൽ ഒന്ന്. 2024 ല്‍ രജിസ്റ്റര്‍ ചെയ്ത ഇസിഐആറിലാണ് പരിശോധന. ഷിജുവിന്റ വീട് കൂടാതെ അങ്കമാലി സര്‍വീസ് സഹകരണ ബാങ്കിലും മുഖ്യപ്രതിയായ പരേതന്‍ പി ടി പോളിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. മുമ്പ് ഷിജുവിനെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അന്നും പരിശോധന നടന്നിരുന്നു. 2008 ല്‍ ബാങ്ക് സ്ഥാപിച്ചതിന് പിന്നാലെ പി ടി പോള്‍ പ്രസിഡന്റായ ഭരണസമിതി തന്നെയാണ് ബാങ്കില്‍ ഉണ്ടായിരുത്. 422 വ്യജ ലോണുകള്‍ ഉണ്ടാക്കിയെന്ന വന്‍ തട്ടിപ്പാണ് ഇവിടെ നടന്നതെന്നാണ് കണ്ടെത്തല്‍.

96 കോടിയുടെ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലും 115 കോടിയുടെ തട്ടിപ്പ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പിലൊന്നായാണ് ഇത് കണക്കാക്കുന്നത്. മുമ്പ് 20 പ്രതികളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തികളുടെ വ്യജ രേഖകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ലോണുകള്‍ എടുത്ത് തട്ടിപ്പ് നടത്തിയിരുന്നത്. ഈ ആളുകളുടെ വീടുകളിലേക്ക് നോട്ടീസ് വന്നതിന് പിന്നാലെയാണ് അവരുടെ പേരില്‍ ലോണുകള്‍ എടുത്തിട്ടുണ്ടെന്ന കാര്യം അവര്‍ തന്നെ അറിയുന്നത്. പിന്നാലെയാണ് നിരവധി പരാതികള്‍ ഉയര്‍ന്നത്.

Content Highlights: The Enforcement Directorate is conducting searches at multiple locations linked to cooperative banks in Thrissur, Ernakulam and Kozhikode under a case registered under the Prevention of Money Laundering Act. The searches are based on an ECIR registered two years ago, with the Ernakulam operation linked to the Angamaly Cooperative Bank case and searches also taking place at the residence of accused Shiju. Five locations are reportedly being searched in Thrissur.

To advertise here,contact us