വിമര്‍ശനവും സ്വയം വിമര്‍ശനവുമുണ്ടാകും, തെറ്റ് പറ്റി എന്ന് കണ്ടെത്തിയവ തിരുത്തും: എം വി ഗോവിന്ദന്‍

ഇഡി ഉന്നം വെക്കുന്നത് സിപിഐഎമ്മിനെ അണെന്നും അതിന് വേണ്ടിയാണ് പിണറായി വിജയനെ വേട്ടയാടുന്നതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി

കോഴിക്കോട്: നേതൃതലം മുതല്‍ താഴേക്ക് എന്തെല്ലാം തിരുത്തല്‍ വരുത്തണമെന്നതിനെ സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചയാകും വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടാകുക എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും വര്‍ഗബഹുജന സംഘടനാ ഭാരവാഹികളും ചേര്‍ന്നുള്ള പ്രതിനിധി സംഘമാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ ആറ് മണി വരെ ഗ്രൂപ്പ് ചര്‍ച്ചയും പിന്നാലെ പൊതു ചര്‍ച്ചയും ഇന്ന് തന്നെ ഉണ്ടാകും. നാളെയോടെ പൊതു ചര്‍ച്ച പൂര്‍ത്തിയാക്കാനാകും എന്നാണ് കരുതുന്നത്. പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേരുമെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. മൂന്നാം ദിവസമാകും ചര്‍ച്ചയിക്കുള്ള മറുപടി പറയുക. അന്ന് വൈകുന്നേരമാണ് ഒന്നര ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന മഹാറാലി നടക്കുന്നത്.

പാര്‍ട്ടി വിമര്‍ശനം സ്വയം വിമര്‍ശനപരമായി തന്നെയാണ് റിപ്പോര്‍ട്ടിനെയും ചര്‍ച്ചയെയും സമീപിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. തെറ്റ് പറ്റി എന്ന് കണ്ടെത്തിയിട്ടുള്ള കാര്യങ്ങള്‍ തിരുത്തും. സംഘടനാ പരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കും. പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം പാര്‍ട്ടിയില്‍ ഉടനീളം ശക്തിപ്പെടുത്തും. രാഷ്ട്രീയ കാര്യങ്ങളെ സംബന്ധിച്ചുള്ള അവബോധം പാര്‍ട്ടി പ്രവര്‍ത്തകരില്‍ വരുത്തും. ഭരണപരമായി സംഭവിച്ച വീഴ്ചകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. എന്നിവയാണ് തിരുത്തലിനുള്ള പ്രധാന വഴികളായി പാര്‍ട്ടി കാണുന്നതന്നും എം വി ഗോാവിന്ദന്‍ ചൂണ്ടിക്കാട്ടി.

പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച അദ്ദേഹം ഇഡി ഉന്നം വെക്കുന്നത് സിപിഐഎമ്മിനെ അണെന്നും അതിന് വേണ്ടിയാണ് പിണറായി വിജയനെ വേട്ടയാടുന്നതെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടി അതില്‍ പ്രതിരോധത്തില്‍ ആയിട്ടില്ല. ആരോപണം ആദ്യം ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ പതിയെ പിണറായി വിജയനിലേക്ക് നീക്കാനുള്ള ശ്രമമാണ് ഇഡി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി അതിനെതിരായി ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ദേശീയ തലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും ഇഡി ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. സിപിഐഎമ്മിനോ ഇടത് മുന്നണിക്കോ ആ നിലപാടില്‍ യാതൊരു വ്യക്തതക്കുറവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനമല്ല പരിഹാരമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുന്നതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി രാജീവും പറഞ്ഞു. തോല്‍വിക്ക് പിന്നാലെ എന്തെല്ലാം വീഴ്ചകള്‍ വന്നിട്ടുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ തിരുത്താമെന്ന് വിശദമായി ചര്‍ച്ച ചെയ്യും. പ്രത്യയ ശാസ്ത്രപരമായ കുറവുകള്‍, പ്രചാരണങ്ങളിലെ മാറ്റം, പുതിയ തലമുറയുമായുള്ള ബന്ധം, ഭരണപരമായി വന്ന വീഴ്ചകള്‍ എല്ലാം ചര്‍ച്ച ചെയ്യും. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും പാര്‍ലമെന്ററി വ്യാമോഹം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പി രാജീവ് പറഞ്ഞു.

ഇ ഡി വേട്ട സമ്മേളനത്തിന്റെ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇഡിയുടെ നടപടിയെ നിയമപരമായി മാത്രമാണ് പരിശോധിക്കേണ്ടെതെന്ന് പറയുന്ന ഏക കോണ്‍ഗ്രസ് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് രാജീവ് കുറ്റപ്പെടുത്തി. ഇഡിയുടെ വേട്ടക്ക് രാഷ്ട്രീയമില്ലെന്ന് പറയുന്ന സതീശനെ ബിജെപി മുഖ്യമന്ത്രിമാരുടെ പട്ടികയിലാണോ പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടിക്ക് ഉണ്ടായ ഏത് പോരായ്മയും പാര്‍ട്ടിക്ക് ആകെ ഉണ്ടായതാണ്. അത് കൂട്ടായി പരിഹരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ജനങ്ങളുടേയും പാര്‍ട്ടിഘടകങ്ങളുടേയും എല്ലാ അഭിപ്രായങ്ങളും ഗൗവരവമായി തന്നെ പരിഗണിച്ചാണ് മുന്നോട്ട് പോകുന്നതെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

പ്രതിനിധികള്‍ക്ക് തുറന്ന വിമര്‍ശനം നടത്താമെന്നും പിണറായി വിജയനേയും എം വി ഗോവിന്ദനേയും വിമര്‍ശിക്കാം എന്നുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞത്. അതിനുള്ള അവകാശം പാര്‍ട്ടി അംഗങ്ങള്‍ക്കുണ്ട്. ഒരാളും വിമര്‍ശനത്തിന് അതീതരായില്ലെന്നും പോരായ്മകള്‍ ഉണ്ടെങ്കില്‍ തുറന്നു ചൂണ്ടിക്കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തേണ്ടത് ഉണ്ടെങ്കില്‍ അത് തുറന്നു പറയാം. പിണറായി വിജയനെയും എം വി ഗോവിന്ദനെയും മാത്രമല്ല ഏതു നേതാവിനെയും വിമര്‍ശിക്കാമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

നേതൃമാറ്റമല്ല തെറ്റ് തിരുത്തലെന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. നേതൃത്വത്തെ മാറ്റിയത് കൊണ്ട് പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ തീരില്ല. തെറ്റ് പറ്റിയെന്ന് നേതൃത്വം സമ്മതിക്കലാണ് പ്രധാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേതൃത്വം അത് സമ്മതിച്ചിരിക്കുകയാണ്. തെറ്റ് പറ്റിയെന്ന് തുറന്ന് പറയുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇനി തിരുത്തലുകള്‍ എങ്ങനെ നടപ്പാക്കാനാകും എന്നതാണ് പരിശോധിക്കുന്നത്. കര്‍ശന തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വത്തുക്കള്‍ വാങ്ങുമ്പോള്‍ മാത്രമല്ല ഇനി കടം വാങ്ങുമ്പോഴും പാര്‍ട്ടിയെ അറിയിക്കണം എന്ന് പറഞ്ഞ അദ്ദേഹം ആ നിലയില്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണം എന്നും വ്യക്തമാക്കി.

Content Highlights: CPI(M) state secretary M V Govindan said the extended state committee will conduct detailed discussions on the corrections needed from the leadership level downward. District secretariat members and office-bearers of mass organisations will participate in the meeting. Group discussions on the state committee report will continue until 6 pm today, followed by a general discussion, with the final response expected on the third day alongside a major rally attended by around 1.5 lakh people.

To advertise here,contact us