തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ കോൺഗ്രസിൽ രണ്ടഭിപ്രായം. പിണറായി വിജയനെതിരെ കേസെടുത്താൽ സിപിഐഎം ആയുധമാക്കുമെന്നും ഇൻഡ്യ സഖ്യത്തിൽ വിള്ളൽ വീഴുമെന്നുമുള്ള ആശങ്ക ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പങ്കുവക്കുന്നു. തിരക്കിട്ട് കേസ് എടുക്കരുതെന്ന് ഒരു വിഭാഗവും അതിവേഗത്തിൽ നടപടികളിലേക്ക് കടക്കണമെന്ന് മറുവിഭാഗവും വാദിക്കുന്നുണ്ട്.
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തില്‍ നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സിഎംആര്‍എല്ലില്‍ നിന്ന് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞിലിക്കുട്ടിയും അടക്കം യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എക്സാലോജിക്കുമായി ബന്ധപ്പെട്ടത് വ്യത്യസ്ത കേസാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പിണറായി വിജയനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടുള്ള ഇഡി ശുപാര്‍ശയില്‍ തിടുക്കപ്പെട്ട് നടപടി ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു. വിഷയത്തില്‍ നിയമവശം മുഴുവന്‍ പരിശോധിക്കുമെന്നും നിയമനടപടി സ്വീകരിക്കണമെന്ന കെപിസിസിയുടെ അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. കേസില്‍ സിപിഐഎമ്മിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇ ഡി കൊടുത്ത കത്തിന്റെ ഉള്ളടക്കം മാധ്യമങ്ങള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ അതിനെ വളരെ ഗൗരവത്തില്‍ തന്നെയാണ് കോണ്‍ഗ്രസും ഭരണകക്ഷിയും കാണുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇ ഡി ഡിജിപിക്ക് കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യമാണെന്നും അങ്ങനെ ഒരു കത്ത് വന്നാല്‍ പൊലീസിന് നടപടി എടുക്കാതിരിക്കാന്‍ കഴിയില്ല എന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
വീണാ വിജയനെതിരെ ആക്ഷേപം വന്നപ്പോള്‍ അവര്‍ അതിനെ നിരാകരിക്കാനോ അതിനെതിരെ ഒരു നിയമനടപടിക്കോ ശ്രമിച്ചില്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സിപിഐഎം നേതൃത്വം പ്രതികരിക്കണമെന്നും, അന്ധമായി ന്യായീകരിക്കുന്നതിനു പകരം വസ്തുതാപരമായ കാര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഈ അന്വേഷണത്തോട് സഹകരിക്കുമെന്ന് അവര്‍ പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ഇന്നലെ പറഞ്ഞു. ഇ ഡിയെ ഒരിക്കല്‍ തടഞ്ഞതുപോലെ തടയാനോ ഭീഷണിപ്പെടുത്താനോ അല്ല മുതിരേണ്ടതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Congress Divided Over Filing Case Against Pinarayi Vijayan