തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ സര്‍ക്കാരിന് വിമര്‍ശനം. മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളെ പരിഗണിക്കുന്നില്ലെന്ന് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി ജനകീയനാകണം. പ്രധാന തസ്തികകളിലെ നിയമനങ്ങള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പദ്ധതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പദ്ധതിയില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും കരിക്കുലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി. കെപിസിസി ഭാരവാഹികള്‍ക്ക് ഏത് സമയവും തന്നെയും മന്ത്രിമാരെയും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെപിസിസി യോഗം പുരോഗമിക്കുകയാണ്. യോഗത്തിലേക്ക് വിളിക്കാത്തതില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി അതൃപ്തിയിലാണ്. രാഷ്ട്രീയകാര്യസമിതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ദീപാദാസ് മുന്‍ഷിയെ വിളിക്കാത്തതെന്ന ചര്‍ച്ച ഉയര്‍ന്നു. യോഗത്തിലേക്ക് വിളിക്കാത്തതില്‍ കെപിസിസി അധ്യക്ഷനെ ദീപാദാസ് മുന്‍ഷി അതൃപ്തി അറിയിച്ചേക്കും. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ സണ്ണി ജോസഫ് തയ്യാറായില്ല. എല്ലാ യോഗത്തിലേക്കും ദീപാദാസ് മുന്‍ഷിയെ വിളിക്കാറുള്ളതാണെന്നും ഈ യോഗത്തിലേക്ക് വിളിക്കാതിരുന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും ദീപ്തി മേരി വര്‍ഗീസും പ്രതികരിച്ചു.
കെപിസിസി യോഗത്തില്‍ രമ്യാ ഹരിദാസ് എംഎല്‍എയ്ക്ക് രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കയ്യാങ്കളി വിവാദത്തില്‍ എംഎല്‍എയ്ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അഭിപ്രായം ഉയര്‍ന്നു. ഇതോടെ രമ്യക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി നിര്‍ബന്ധമായേക്കും. നിലവില്‍ കെപിസിസി ഉപാധ്യക്ഷയാണ് രമ്യാ ഹരിദാസ്. അന്വേഷണ സമിതി റിപ്പോര്‍ട്ടും നേതാക്കളുടെ അഭിപ്രായവും കണക്കിലെടുത്ത് രമ്യാ ഹരിദാസിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ എഐസിസിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും മുന്നിലുണ്ട്.
Content Highlights: government faced criticism during the KPCC meeting, with Congress leaders raising concerns over various issues