തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപട് കേസില്‍ ഇ ഡി ബിജെപിക്ക് അനുകൂലമായി എല്ലാ നിയമങ്ങളും ലംഘിക്കും എന്നുള്ളത് വ്യക്തമാകുന്നുവെന്ന ആരോപണവുമായി സിപിഐഎം നേതാവ് വി ശിവന്‍കുട്ടി രംഗത്ത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഏതെല്ലാം തരത്തില്‍ തകര്‍ക്കാന്‍ പറ്റുമോ അതിനുള്ള അജണ്ടയാണ് ഇഡി നടപ്പിലാക്കുന്നത്. പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും കുടുംബത്തിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. ഇഡിയാണോ അവസാനവാക്കെന്നും കോടതിക്ക് മുകളിലാണോ ഇഡി എന്നും അദ്ദേഹം ചോദിച്ചു. ഇഡി അധികാരത്തില്‍നിന്ന് കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം ബിജെപിയുടെ രാഷ്ട്രീയ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്ന പണിയാണ് ഇ ഡി ചെയ്യുന്നതെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
ഹസല്‍ വാരിസിന്റെ മൊഴിയില്‍ പ്രതികരിച്ച ശിവൻകുട്ടി മൊഴിക്കെതിരെ അദ്ദേഹം തന്നെ രംഗത്ത് വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. മൊഴിക്കെതിരെ ഹസന് വാരിസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇഡി അയാളെ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇത് ശരിയായ രീതി അല്ല. ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒരു ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. എന്താണ് മറ്റ് കേസുകളുടെ അവസ്ഥ. സമരവുമായി ബന്ധപ്പെട്ട പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയുള്ള നീക്കവും ഇഡി നടത്തുന്നു എന്നും ശിവൻകുട്ടി ആരോപിച്ചു.
മനുഷ്യത്വരഹിതമായ നടപടിയാണ് ഇഡി സ്വീകരിക്കുന്നത്. ഇഡിക്ക് ഏത് നിയമപ്രകാരമാണ് മൊഴിയെടുക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ സാധിക്കുന്നതെന്ന് ചോദിച്ച ശിവൻകുട്ടി അതിനുള്ള ഒരു അധികാരവും അവര്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി. കോടതിക്ക് മുകളില്‍ അല്ല ഇഡി എന്നത് കോടതി തെളിയിച്ചിട്ടുണ്ട്. 6677 കേസുകളാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇഡി രജിസ്റ്റര്‍ ചെയ്തത്. 60 കേസുകളിലാണ് വിചാരണ നടന്നത്. ശിക്ഷ ലഭിച്ചിട്ടുള്ളത് കേവലം ഒരു ശതമാനം കേസുകളില്‍ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയപരമായും നിയമപരമായും കേസ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ പ്രതികരിച്ച അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോപിച്ചു. പിഎം ശ്രീ പദ്ധതി നടപ്പിലാക്കേണ്ടതില്ല എന്ന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് എന്തോ അപരാധം ആയിട്ടാണ് ചിത്രീകരിക്കുന്നത്. സ്കൂളുകളുടെ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പദ്ധതി നടപ്പിലാക്കരുത് എന്ന നിലപാടാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും സ്വീകരിച്ചതെന്നും ശവന്‍കുട്ടി ഓര്‍മപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ മികവുറ്റ സ്കൂളുകള്‍ ആക്കി മാറ്റിയവ പദ്ധതി നടപ്പിലായാല്‍ പ്രധാനമന്ത്രിയുടെ പേരില്‍ അറിയപ്പെടും. അഞ്ചു മാസം കൂടിയാണ് പദ്ധതിക്ക് വേണ്ടി അവശേഷിക്കുന്നത്. ആ കാലയളവ് കഴിഞ്ഞാല്‍ മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പിഎം ശ്രീ പട്ടികയില്‍ വരുന്ന സ്കൂളുകളില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല. പിഎം ശ്രീക്കുവേണ്ടി അര്‍ഹതയുള്ള സ്കൂളുകള്‍ തഴയപ്പെടും. ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ പൂര്‍ണമായും നടപ്പിലാക്കേണ്ടി വരുമെന്നും ശിവന്‍കുട്ടി വിശദീകരിച്ചു. മിഡില്‍ സ്കൂള്‍ സംവിധാനം വരുമ്പോള്‍ നിലവിലെ ഹൈസ്കൂള്‍ അധ്യാപകരില്‍ കുറച്ചുപേര്‍ക്കെങ്കിലും അതിലേക്ക് മാറേണ്ടിവരും. കുട്ടികള്‍ കുറവുള്ള സ്കൂളുകള്‍ അടച്ചുപൂട്ടി വലിയ സ്കൂളുകളുമായി ലയിപ്പിക്കേണ്ടിവരും. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിന് എതിരാണ് ഇതെന്നും പരീക്ഷയില്‍ സംസ്ഥാനത്തിന്റെ ഭരണ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ആറുമാസം മാത്രമാണ് ഈ പദ്ധതിയില്‍ ഇനി ശേഷിക്കുന്നത് പറഞ്ഞ അദ്ദേഹം ഇനി പദ്ധതിയില്‍ പങ്കാളി ആയാല്‍ പോലും എത്ര തുക ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പറഞ്ഞു.
Content Highlights: CPI(M) leader V Sivankutty has accused the Enforcement Directorate of pursuing an agenda against the Communist Party in connection with the CMRL-Exalogic financial transaction case. He alleged that the agency is acting in favour of the BJP and claimed that allegations against the families of Pinarayi Vijayan and Mohammed Riyas are baseless.