'ഇഡിയുടേത് പിണറായിയുടെ വിശ്വാസ്യത തകർക്കാനുള്ള വ്യഥാ ശ്രമം, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും': എ എ റഹീം എംപി

പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണമാണത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും എ എ റഹീം

തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്നും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 3.28കോടി കൈപ്പറ്റിയെന്ന ഇ ഡിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എ എ റഹീം എംപി. പിണറായി വിജയന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള വൃഥാ ശ്രമമാണ് ഇഡിയുടേതെന്നും ഇതിനെ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും എ എ റഹീം റിപ്പോർട്ടറിനോട് പ്രതികരിച്ചു. പിണറായി വിജയനെ രാഷ്ട്രീയമായി ഉപദ്രവിക്കാനും വേട്ടയാടാനുമായി ഉയര്‍ത്തുന്ന ഇത്തരം ആരോപണങ്ങള്‍ യുക്തിസഹമല്ല എന്നും എം പി പറഞ്ഞു. ഡിജിപിക്ക് കൊടുത്തിരിക്കുന്ന ഇ ഡി റിപ്പോര്‍ട്ടിനെ, സംഘപരിവാര്‍ സംഘടന അതിന്റെ ആസ്ഥാനത്ത് നിന്നും കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത് പോലെയാണ് കണക്കാക്കുന്നത്. അതിന് കോണ്‍ഗ്രസ് കുടപിടിക്കുമോ എന്നത് കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കമാണിത്. ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന് ശേഷം അടുത്തത് കേരളമാണെന്നാണ് അമിത് ഷാ പറഞ്ഞത്. കേരളത്തില്‍ ഇടതുപക്ഷത്തെ ഇല്ലാതാക്കി കൊണ്ടല്ലാതെ ബിജെപിക്ക് മുന്നോട്ടുവരാന്‍ കഴിയില്ലെന്ന് നന്നായി ആര്‍എസ്എസിന് അറിയാം. എല്‍ഡിഎഫിന് അതിന്റേതായ പ്രത്യയശാസ്ത്രപരമായ പശ്ചാത്തലവും ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസ്യതയും ശൃംഖലയും സംഘടനാ ശക്തിയുമാണ് ഉള്ളത്. ഇടതുപക്ഷത്തിന്റെ സുശക്തമായ സംഘടനാ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഇല്ലാതാക്കി അവരെ അകറ്റണം. അതിനായി കള്ളക്കഥകള്‍ ഉണ്ടാക്കുകയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയും ചെയ്യുന്നു. അതിനിടയില്‍ പിണറായി വിജയനെ പോലെയൊരു മുതിര്‍ന്ന നേതാവിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള വൃഥാ ശ്രമം നടത്തുന്നു. അതിന്റെ ഭാഗമാണ് ഇ ഡി കേസ്' റഹീം പറഞ്ഞു.

'സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുടപിടിക്കുമോ എന്നത് കാത്തിരുന്ന് കാണണം. ഡിജിപിക്ക് കൊടുത്തിരിക്കുന്ന ഇ ഡി റിപ്പോര്‍ട്ടിനെ, സംഘപരിവാര്‍ സംഘടന അതിന്റെ ആസ്ഥാനത്ത് നിന്നും കോണ്‍ഗ്രസിന് നല്‍കിയത് പോലെയാണ് കണക്കാക്കുന്നത്. ഇ ഡി എന്നത് ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിജെപി എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഹുല്‍ ഗാന്ധിയാണ് അത് പറഞ്ഞത്. ബിജെപിയുടെ ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നു. അത് കോണ്‍ഗ്രസ് സ്വീകരിക്കുമോ എന്ന് കാത്തിരുന്നു കാണാം. പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഒരാളുടെ മൊഴിയുണ്ടെന്ന പേരിലാണ് അരവിന്ദ് കെജ്‌രിവാളിനെ ജയിലിലാക്കിയത്. ഇ ഡിയുടെ ലക്ഷ്യം സംഘപരിവാറിന്റെ അസൈന്‍മെന്റാണ്. അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കുക എന്നുള്ളതാണ്. അതിനെ ജനങ്ങളെ അണിനിരത്തി അതിശക്തമായി പ്രതിരോധിക്കാനുള്ള നടപടി സിപിഐഎം സ്വീകരിക്കും. ഇ ഡിക്ക് ബിജെപി കൊടുക്കുന്ന സിപിഐഎമ്മിനെതിരെയുള്ള ക്വട്ടേഷന്റെ ഭാഗമായി അവര്‍ കൃത്യമായ കഥയുണ്ടാക്കുകയാണ്. നാനൂറ് കോടിയാണ് ലാവ്‌ലിന്‍ കാലത്ത് ആരോപിച്ചത്. മുഖ്യമന്ത്രിയായപ്പോള്‍ അത് 3.28കോടി രൂപയായി. പിണറായി വിജയനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനും വേട്ടയാടാനുമായി ഉയര്‍ത്തുന്ന ഇത്തരം ആരോപണങ്ങള്‍ യുക്തിസഹം പോലുമല്ല', എ എ റഹീം പറഞ്ഞു.

അതേസമയം പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ ജനകീയ പ്രതിഷേധം ഉയരുമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം വി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരനായ അസഫലിയോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നതെന്നും പിണറായിക്കെതിരെയുള്ള രാഷ്ട്രീയ വേട്ടയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയ രമേശ് ചെന്നിത്തലയെയും പി കെ കുഞ്ഞാലിക്കുട്ടിയെയും ഇ ഡി ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Content Highlights: CPI(M) leader and MP AA Rahim alleged that the Enforcement Directorate's actions were aimed at damaging Pinarayi Vijayan's credibility. Rahim described the move as a futile attempt and said they would mobilise people to resist it. His remarks came amid the ED's ongoing action related to the investigation involving Pinarayi Vijayan.

To advertise here,contact us