തിരുവനന്തപുരം: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്. മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ നേരിട്ടത് ചിറയിന്‍കീഴ് എംഎല്‍എ മാതൃകയാക്കിയെന്ന് എം വി ജയരാജന് പറഞ്ഞു. കൊന്തള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും മര്‍ദ്ദിച്ച ചിറയിന്‍കീഴ് എംഎല്‍എ മുഖ്യമന്ത്രിയേക്കാള്‍ കരുത്ത് കാട്ടി. വീട്ടില്‍ കയറി മര്‍ദ്ദിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഭാര്യയും പൊലീസിന് നല്കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം, തന്നെ മര്‍ദ്ദിച്ചു എന്ന എംഎല്‍എയുടെ പരാതിയില്‍ പൊലീസ് കേസെടുത്തെന്നും എം വി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എം വി ജയരാജൻ്റെ പ്രതികരണം.
ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസി നടപടി സ്വീകരിച്ചിട്ടുണ്ട്. രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും കെപിസിസി ജനറല്‍ സെക്രട്ടറി സജാദിനെയും സസ്പെന്‍ഡ് ചെയ്തു. കെപിസിസി മുന്‍ പ്രസിഡന്റ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ചിറയിന്‍കീഴിലെ സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചത്.
കെപിസിസി ജനറല്‍ സെക്രട്ടറി സജാദിന്റെ വീട്ടില്‍ വെച്ചായിരുന്നു രമ്യ ഹരിദാസ് എംഎല്‍എയും മറ്റ് പ്രവര്‍ത്തകരും തമ്മില്‍ അടിയുണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്ന് രമ്യയും, എംഎല്‍എ അടിച്ചതായി പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും ആരോപിക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി രമ്യയും സജിത്തും രംഗത്തെത്തിയിരുന്നു.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നായിരുന്നു രമ്യ ഹരിദാസ് പറഞ്ഞത്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ രണ്ട് വിഭാഗങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സരിച്ചു. ഇതില്‍ കെപിസിസിയില്‍ പരാതി കൊടുത്തിരുന്നുവെന്നും രണ്ട് വിഭാഗങ്ങളോടും താന്‍ സഹകരിച്ചില്ലെന്നും എംഎല്‍എ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി കൃത്യമായ ഇടപെടല്‍ നടത്തുമെന്നാണ് കരുതുന്നതെന്നും രമ്യ പറഞ്ഞിരുന്നു. രമ്യ ഹരിദാസിന്റേത് അഭിനയമാണെന്നും തന്റെ കൈയിലാണ് എംഎല്‍എ പിടിച്ച് തിരിച്ചതെന്നുമായിരുന്നു സജിത്ത് പറഞ്ഞത്. തന്റെ കൈ പിടിച്ച് തിരിച്ചിട്ട് വിടെടാ എന്ന് ബഹളം കൂട്ടുകയായിരുന്നുവെന്നും സജിത്ത് പറഞ്ഞു. എംഎല്‍എയും പാളയം പ്രദീപും രാത്രി സജാദിന്റെ വീട്ടിലേക്ക് പോകരുതായിരുന്നു. സജാദ് വിളിച്ചിട്ടാണ് ജനപ്രതിനിധിയെന്ന നിലയില്‍ അങ്ങോട്ടേക്ക് പോയത്. എംഎല്‍എ ഈ മട്ടില്‍ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ പാളയം പ്രദീപ് മണ്ഡലത്തില്‍ പ്രശ്നമാണ്. പാലക്കാട്ടുകാരനായ ഇയാള്‍ മണ്ഡലത്തിലെ കാര്യങ്ങളില്‍ ഇടപെടുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സജിത്ത് വ്യക്തമാക്കിയിരുന്നു.
എം വി ജയരാജൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
102ന്റെ അഹങ്കാരവും മൂന്നിന്റെ ഭാവിയും.102 എം.എൽ.എമാരുടെ ഭൂരിപക്ഷം യുഡിഎഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയിൽ എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ടത് മാതൃകയാക്കുകയാണ് ചിറയിൻകീഴ് എംഎൽഎ. കരാറുകാരിൽ നിന്നും പണം പിരിക്കാനായി ഒരു സംഘത്തെ എംഎൽഎ നിയോഗിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അത്തരം അനധികൃത പണപ്പിരിവിനെയും ഔദ്യോഗിക യോഗത്തിൽ ഗുണ്ടാസംഘത്തിലെ അനുയായികളെ എംഎൽഎ പങ്കെടുപ്പിക്കുന്നതിനെയും ചോദ്യം ചെയ്തപ്പോൾ ഗുണ്ടാസംഘവുമായി വീട്ടിൽ കയറി ചിറയിൻകീഴ് മണ്ഡലത്തിലെ കൊന്തള്ളൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയേക്കാൾ കരുത്ത് ചിറയിൻകീഴ് എംഎൽഎ കാട്ടിയത്.
പ്രതിപക്ഷത്തിരിക്കുമ്പോൾ വടകര എം.പി തന്നെ ആദ്യം പ്രസംഗിക്കാൻ വിളിക്കാത്തതിന് വേദിയിലിരുന്ന അധ്യക്ഷനായ കോൺഗ്രസ് നേതാവിനെ കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കിയത് എം.എൽ.എക്ക് ആവേശം പകർന്നിട്ടുണ്ടാകും. വീട്ടിൽ കയറി മർദ്ദിച്ചതിന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഭാര്യയും പോലീസിന് നൽകിയ പരാതിയിൽ കേസില്ല. എന്നാൽ തന്നെ മർദ്ദിച്ചു എന്ന എംഎൽഎയുടെ പരാതിയിൻമേൽ കേസ് രജിസ്റ്റർ ചെയ്തു.
ഭാവിയിൽ മന്ത്രി കുപ്പായത്തിനായി കാത്തിരിക്കുന്ന പാലാ എം.എൽ.എ വഞ്ചനാ കേസിൽ ശിക്ഷിക്കപ്പെട്ടു. അതാവട്ടെ കോടികളുടെ തട്ടിപ്പാണ് താനും. മറ്റൊരു എം.എൽ.എ പട്ടയത്തിനായി കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായി. പരാതി നൽകിയ ആളെ ഭീഷണിപ്പെടുത്താൻ വി.ഡിയുടെ മാതൃക സ്വീകരിക്കാൻ എം.എൽ.എ മറന്നുപോയിട്ടുമില്ല.
മാസം മൂന്നേ കഴിഞ്ഞിട്ടുള്ളൂ. മൂന്നിനകം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ, സദാചാര മൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന ടീം യു.ഡി.എഫിൽ നിന്ന് ഉണ്ടായി. ജനം ചോദിക്കുകയാണ്, ശേഷിക്കുന്ന 57 മാസങ്ങളിൽ ടീം യു.ഡി.എഫിൽ നിന്നും എന്തെല്ലാം ദുരന്തങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും?
Content Highlights: CPI(M) state secretariat member M V Jayarajan has criticised MLA Ramya Haridas amid the ongoing dispute between Congress leaders in Chirayinkeezhu.