ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് തമ്മിലടി; കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്

പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് എംഎല്‍എയുടെ അനുയായിയായ പാളയം പ്രദീപാണെന്ന് സജാദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവർത്തകരുടെ തമ്മിലടിയില്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി വിവരം. അച്ചടക്ക നടപടിക്ക് മുമ്പ് തര്‍ക്കം തീര്‍ക്കാനാണ് നീക്കം നടക്കുന്നത്. കേസ് രമ്യ ഹരിദാസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

രമ്യ ഹരിദാസ് എംഎല്‍എ ആയതിനാല്‍ അവരെ വെട്ടിലാക്കുന്ന സമീപനവുമായി പാര്‍ട്ടിക്ക് മുന്നോട്ട് പോകുന്നത് പ്രതിസന്ധിയാണ്. എന്നാല്‍ സംഘടനാ തലത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇരു വിഭാഗങ്ങളുമായി സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് നേതൃത്വം നീക്കം നടത്തുന്നത്. അതിന് നിലവില്‍ അന്വേഷണത്തിന്റെ ചുമതലയുള്ള സമിതി തന്നെ മുന്‍കൈ എടുക്കുമെന്നാണ് വിവരം. ഇന്ന് രാത്രി തന്നെ പാളയം പ്രദീപ്, സജിത്ത് മുട്ടപ്പാലം അടക്കമുള്ളവര്‍ക്കെതിരെ സംഘടനാ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്. രമ്യാ ഹരിദാസിന് താക്കീത് നല്‍കാനും തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് പ്രാദേശിക നേതാവ് സജാദിന്റെയും കുടുംബത്തിന്റെയും തീരുമാനം. സജാദുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുമെന്നും വിവരമുണ്ട്. എന്നാല്‍ സജിത്ത് മുട്ടപ്പാലത്തിന് എതിരെ കടുത്ത നടപടി വേണമെന്നാണ് രമ്യ ഹരിദാസ് അനുകൂലികള്‍ പറയുന്നത്. രമ്യ ഹരിദാസിന് എതിരെ സജിത്തും സംഘവും അപവാദ പ്രചാരണം നടത്തിയതായാണ് പരാതി. സജിത്തും സംഘവും നടത്തിയ അപവാദ പ്രചാരണമാണ് തമ്മില്‍തല്ലില്‍ കലാശിച്ചതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.

പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് എംഎല്‍എയുടെ അനുയായിയായ പാളയം പ്രദീപാണെന്ന് സജാദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഭീഷണിയുടെ സ്വരമാണ് പളയം പ്രദീപിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എംഎല്‍എ അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പാളയം പ്രദീപ് ഒരു ഫോണ്‍ തന്റെ മകളുടെ കയ്യില്‍ക്കൊടുത്ത ശേഷം അത് ഉറച്ച് വായിക്കാന്‍ ആവശ്യപ്പെട്ടെന്നും അത് തടഞ്ഞതിന് പിന്നാലെയാണ് തനിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. വീഡിയോ പകര്‍ത്തിയ യുവാവിനേയും എംഎല്‍എ കയ്യേറ്റം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എംഎല്‍എക്കും മുകളില്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പാളയം പ്രദീപ് ആണെന്നും അതില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന് സ്വാഭാവികമായും എതിര്‍പ്പ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സജിത്ത് മുട്ടപ്പാലം രമ്യാ ഹരിദാസിനെതിരായി വ്യാപകമായ അപവാദ പ്രചരണം നടത്തുന്നുണ്ടെന്നാണ് എംഎല്‍എയുടെ പക്ഷം ഉയര്‍ത്തുന്ന ആരോപണം. വാട്‌സാപ്പ് അടക്കം സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അന്വേഷണത്തിന് ചുമതലപ്പെടുത്തിയ സമിതി ഇന്ന് തന്നെ കെപിസിസി ആസ്ഥാനത്ത് തെളിവെടുപ്പ് തുടങ്ങും. അതില്‍ എല്ലാ നേതാക്കളുടേയും ഭാഗം കേള്‍ക്കാനാണ് നീക്കം. സജാദിന്റെയും കുടുംബത്തിന്റെയും വാദം കേള്‍ക്കും. എന്നാല്‍ അവര്‍ നിയമ നടപടിക്ക് ഒരുങ്ങുന്ന ഘട്ടത്തില്‍ അനുനയ നീക്കത്തിനും സമിതിയുടെ ഇടപെടല്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

Content Highlights: Efforts are reportedly underway to settle cases arising from the Congress dispute in Chirayinkeezhu before disciplinary action is taken. While local leader Sajadh and his family have decided to proceed with legal action, Congress leaders are expected to hold talks with him. Supporters of Ramya Haridas are demanding strict action against Sajith Muttappalam over alleged defamatory campaign against her.

To advertise here,contact us