പത്തനംതിട്ട: ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആറന്മുളയില് ഓഫ് റോഡ് വാഹനത്തിന് എംവിഡി ചുമത്തിയ അന്‍പതിനായിരം രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകര്‍ അടയ്ക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ആറന്മുളയില് വള്ളസദ്യ നേര്‍ച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാണ് പിഴത്തുക അടയ്ക്കുക. അമല്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് അനുമോദനമായിട്ടാണ് ഈ തുക കൈമാറുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബിന്‍ വര്‍ക്കി ഇക്കാര്യം പറഞ്ഞത്. അഭിഭാഷകര്‍ക്ക് അബിന്‍ വര്‍ക്കി നന്ദി പറയുകയും ചെയ്തു.
അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ടവരെ,
ബഹു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ആറന്മുളയില് പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ വണ്ടിക്ക് 50000 രൂപ പിഴയിട്ട സംഭവം ഏറെ ചര്‍ച്ചയായതാണ്. അതുമായി ബന്ധപ്പെട്ട് ചിലര്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി എന്നെയും വാഹന ഉടമയായ അമലിനും എതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കിയിരുന്നു.
അപ്പോഴും ഞാന്‍ പറഞ്ഞിരുന്നു ബഹു. ഹൈക്കോടതി വിധിയെ പൂര്‍ണ്ണമായും മാനിക്കുന്നു എന്നത്. അതോടൊപ്പം തന്നെ ആറന്മുളയില് പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആറന്മുളക്കാരനെ സംരക്ഷിക്കുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട്, ആദ്യം എംവിഡി ഇട്ട പിഴത്തുകയായ 5250 രൂപ അടച്ചത് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഇട്ടിരിക്കുന്ന പുതിയ പിഴ തുകയായ 50000 രൂപയും അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ തുക നല്‍കുന്നത് ആറന്മുളയില് വള്ളസദ്യ നേര്‍ച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാണ്. അന്ന് അമല്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് അനുമോദനമായിട്ടാണ് ഈ തുക കൈമാറുന്നത്. പ്രിയപ്പെട്ട അഭിഭാഷക സുഹൃത്തുക്കള്‍ക്ക് ആറന്മുളക്കാരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു.
ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരിച്ച് അബിന്‍ വര്‍ക്കി നേരത്തേ രംഗത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവരെ പിന്തുണച്ചായിരുന്നു അബിന്‍ വര്‍ക്കി രംഗത്തെത്തിയത്. ആറന്മുളയില് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സംരക്ഷിക്കാന്‍ ആറന്മുളയുടെ ജനപ്രതിനിധിയായ താന്‍ ഉണ്ടാകുമെന്നും സമൂഹമാധ്യമങ്ങളില്‍ ആര് വിമര്‍ശിച്ചാലും രക്ഷാപ്രവര്‍ത്തനം നടത്തിയ ദമ്പതികളായ അമലിനും ആര്‍ദ്രയ്ക്കും ഒപ്പമാണ് താനെന്നും അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. പത്തനംതിട്ടയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറിയപ്പോള്‍ വെള്ളം കയറാത്ത അടൂര്‍ ടൗണില്‍ വാഹന പരിശോധന നടത്തിയത് അനൗജിത്യമായെന്നും അബിന്‍ വര്‍ക്കി പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയാണ് പിഴത്തുകയായ 5250 രൂപ അടച്ചത്. വാഹനത്തിലെ എക്സ്ട്രാ ലൈറ്റുകള്‍ നീക്കം ചെയ്തശേഷം ദൃശ്യങ്ങള്‍ എംവിഡിക്ക് അയച്ചുകൊടുക്കുകയും വിഷയം ഗതാഗത വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ പിഴ നല്കി കേസ് അവസാനിപ്പിച്ച ഓഫ് റോഡ് വാഹനത്തിന് കൂടുതല്‍ തുക അടക്കണമെന്ന് വിധിയുണ്ടായിരിക്കുന്നത്. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും അബിന്‍ വര്‍ക്കി പറഞ്ഞിരുന്നു.
Content Highlights- Abin Varkey MLA said Amal and others will be commended for their flood rescue efforts and that High Court lawyers will pay the Rs 50,000 fine amount